ആഗോള കോർപ്പറേറ്റ് രംഗത്ത് ഏറ്റവും വലിയ ശമ്പള പാക്കേജാണ് സ്റ്റാർബക്സിൻ്റെ പുതിയ സിഇഒ ബ്രയാൻ നിക്കോളിന്1.6 മില്യൺ ഡോളർ ആയിരിക്കും വാർഷിക ശമ്പളം, അതായത് 13.2 കോടി രൂപ. പക്ഷെ ഓരോ വർഷവും $23 മില്യൺ മൂല്യമുള്ള ഷെയർ അധിഷ്ഠിത ബോണസുകളും അദ്ദേഹത്തിന് ലഭിക്കും. കമ്പനിയുടെ പ്രകടനത്തിനനുസരിച്ച് ഏകദേശം $3.6 മില്യൺ മൂല്യമുള്ള ക്യാഷ് ബോണസും നേടാം. എല്ലാം ചേർത്ത് കണക്കാക്കിയാൽ, നിക്കോളിൻ്റെ വാർഷിക ശമ്പളം 113.2 മില്യൺ ഡോളറിലെത്തും. അതായത് ഏതാണ്ട് 950 കോടി രൂപ.
ഇതിനെല്ലാം പുറമേ വർക്ക് ഫ്രം ഹോം ചെയ്യാനുള്ള സൗകര്യവും നിക്കോളിന് ലഭിക്കും. എല്ലാ ദിവസവും ഓഫീസിലേക്ക് വരണമെന്നില്ലെന്നും ജോലി ചെയ്യുന്നതിനുള്ള സൗകര്യം വീട്ടിൽ ഒരുക്കുന്നതിനുള്ള ചെലവ് വഹിക്കുമെന്നും സ്റ്റാർബക്സിന്റെ ഓഫർ ലെറ്ററിൽ പറയുന്നു. ഓഫീസിലേക്ക് വരാനുള്ള വാഹനം ഓടിക്കുന്നതിന് ഒരു ഡ്രൈവറെയും സ്റ്റാർബക്സ് നൽകും. വീട്ടിൽ നിന്ന് സ്റ്റാർബക്സിന്റെ ആസ്ഥാനത്തേക്ക് സഞ്ചരിക്കുന്നതിന് വിമാനവും അനുവദിക്കും. തങ്ങളുടെ പങ്കാളികൾക്കും ഉപഭോക്താക്കൾക്കും ഷെയർഹോൾഡർമാർക്കും ദീർഘകാലം നിലനിൽക്കുന്ന മൂല്യം നൽകാനുള്ള അദ്ദേഹത്തിൻ്റെ കഴിവിൽ വിശ്വാസമുണ്ടെന്നാണ് ഈ പാക്കേജിനെ കുറിച്ചുള്ള സ്റ്റാർബക്സിൻ്റെ പ്രതികരണം.
വിൽപനയും വിപണി മൂല്യവും കുത്തനെ ഇടിഞ്ഞതോടെ ഇന്ത്യൻ വംശജനായ സിഇഒ ലക്ഷ്മൺ നരസിംഹനെ മാറ്റിയാണ് ആഗോള ഫുഡ് ബ്രാന്റായ ചിപ്പോട്ട്ലെ മെക്‌സിക്കൻ ഗ്രില്ലിന്റെ നിലവിലെ തലവൻ ബ്രയാൻ നിക്കോളിനെ സ്റ്റാർബക്സിൻ്റെ പുതിയ സിഇഒ ആയി നിയമിച്ചത്. അതേ സമയം ആറ് മണിക്ക് ശേഷം ജോലി ചെയ്യാറില്ലെന്നും, ഏതെങ്കിലും ബാറിലായിരിക്കും താനുണ്ടാവുകയെന്നും പറയുന്ന പുറത്താക്കപ്പെട്ട സിഇഒ ലക്ഷ്മൺ നരസിംഹൻ്റെ പഴയ വീഡിയോ വൈറലായി. 16 മാസം മാത്രമാണ് ലക്ഷ്മൺ നരസിംഹന് സിഇഒ സ്ഥാനത്തിരിക്കാൻ സാധിച്ചത്. കമ്പനിയുടെ വിൽപ്പനയിലെ ഇടിവ് തടയുന്നതിൽ പരാജയപ്പെട്ടതും, തുടർച്ചയായി വരുമാനം കുറഞ്ഞതുമാണ് ലക്ഷ്മണിൻ്റെ സ്ഥാനം തെറിപ്പിച്ചത്. 2020ന് ശേഷം ആദ്യമായാണ് കമ്പനിയുടെ വരുമാനം തുടർച്ചയായി രണ്ട് പാദങ്ങളിൽ കുറയുന്നത്. കൂടാതെ, ചൈനയിലെ വിൽപ്പന 14 ശതമാനം ഇടിഞ്ഞു. നരസിംഹൻ്റെ കാലത്ത് കമ്പനിയുടെ വിപണി മൂല്യത്തിൽ 40 ബില്യൺ ഡോളറിൻ്റെ ഇടിവുണ്ടായി.