കൊച്ചി: വൈറ്റമിനുകള്‍ ചേര്‍ത്ത പാല്‍, തൊണ്ണൂറ് ദിവസം വരെ സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ കേടുകൂടാതെ സൂക്ഷിക്കാവുന്ന മില്‍മ പാല്‍ ഇനി മുതല്‍ വിപണിയില്‍. വിറ്റാമിന്‍ എയും ഡിയും ചേര്‍ത്ത പാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പായ്ക്കു ചെയ്തുതുടങ്ങി. കൂടാതെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് പാലും ഐസ്‌ക്രീം ഒഴികെ മില്‍മയുടെ ഉത്പന്നങ്ങളും വീടുകളില്‍ എത്തിച്ചുനല്‍കും. തിരുവനന്തപുരത്ത് ജൂണ്‍ ഒന്ന് മുതല്‍ പദ്ധതി നിലവില്‍ വരും.
54 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കണ്ണൂര്‍ ശ്രീകണ്ഠാപുരത്തെ പുതിയ ഡയറിയിലാണ് പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് ദീര്‍ഘകാലം സൂക്ഷിക്കാവുന്ന പാല്‍ തയ്യാറാക്കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഉത്പാദനം വിജയകരമാണ്. നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെ സഹകരണവും സാങ്കേതികവിദ്യയുമാണ് ഇതിന് ഉപയോഗിക്കുന്നത്.
എ.എം നീഡ്‌സ് എന്നപേരില്‍ രാവിലെ അഞ്ചിനും എട്ടിനുമിടയിലാണ് വിതരണം. ഭക്ഷണം വിതരണം ചെയ്യുന്നവരെ ഉപയോഗിച്ചാകും ഇത്. വിറ്റാമിന്‍ എയും ഡിയും ചേര്‍ത്ത പാല്‍ ഈമാസം 30 മുതല്‍ ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലും വില്പന ആരംഭിക്കുമെന്ന് എറണാകുളം മേഖലാ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് പറഞ്ഞു. രാജ്യത്തെ 60 ശതമാനം ജനങ്ങളിലും വിറ്റാമിന്‍ എയും ഡിയും കുറവാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാന്‍ ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി, നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡ്, ഇന്ത്യ നുട്രീഷ്യന്‍ ഇനിഷ്യേറ്റീവ്, ടാറ്റാ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഇത്തരം പാല്‍ തയ്യാറാക്കുന്നത്. തിരുവനന്തപുരം, മലബാര്‍ മേഖലകളില്‍ ഇത്തരം പാല്‍ നേരത്തെ വിപണിയിലിറക്കിയിരുന്നു.
ലിറ്ററിന് 20 പൈസയുടെ ഉത്പാദനച്ചെലവ് കൂടുതലാണെങ്കിലും പായ്ക്കറ്റ് വിലയില്‍ മാറ്റമില്ല. തുടക്കത്തില്‍ ഓറഞ്ച് നിറത്തിലുള്ള പ്രൈഡ് പാലിലും ,ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നീലനിറത്തിലുള്ള ടോണ്‍ഡ്. മഞ്ഞ നിറത്തിലുള്ള സ്മാര്‍ട്ട് .പച്ചനിറത്തിലുള്ള റിച്ചു പാല്‍ എന്നിവയും വിറ്റാമിന്‍ ചേര്‍ത്ത് ലഭ്യമാക്കും. മില്‍മ എറണാകുളം മേഖല യൂണിയന്റെ 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു .694 .17കോടി രൂപ വരവും 682 .84 കോടി ചിലവും 11 .33 കോടി രൂപയുടെ പ്രവര്‍ത്തനലാഭവും പ്രതീക്ഷിക്കുന്നു .പ്രതിദിനം 3 .3 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുകയും, 3.5 ലക്ഷം ലിറ്റര്‍ വിപണനം നടത്തുകയും ചെയ്യുന്നുണ്ടെന്ന് മേഖല യൂണിയന്‍ ചെയര്‍ മാന്‍ ജോണ്‍ തെരുവത്തു പറഞ്ഞു .