വീട്ടമ്മമാര്‍ക്ക് വീട്ടിലിരുന്നു സംരംഭകയാകാം. സ്ഥലപരിമിതിയുള്ള വീടിനകത്തോ ഫ്ലാറ്റിനകത്തോ പച്ചക്കറി കൃഷി ചെയ്യാനുള്ള സംവിധാനമാണ് വിപണിയിലെത്തിയിട്ടുള്ളത്. മലയാളിയായ മായ വര്‍ഗീസ് ദീര്‍ഘകാലത്തെ ഗവേഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത വെര്‍ട്ടിഗ്രോവ് ആണ് വിപ്ലവകരമായ മുന്നേറ്റം സാധ്യമാക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ വെര്‍ട്ടിക്കലായി പച്ചക്കറിക്കൃഷി ചെയ്യുന്ന സംവിധാനമാണിത്. സ്വന്തം ഭക്ഷണം സ്വയം ഉല്‍പ്പാദിപ്പിക്കൂ എന്ന മുദ്രാവാക്യവുമായി രംഗത്തു വന്നിരിക്കുന്ന ഗ്രോ യുവര്‍ ഓണ്‍ ഫൂഡ് (www.gyofood.com) എന്ന മായയുടെ സംരംഭമാണ് കൃഷി രംഗത്ത് പുത്തന്‍ താരമാവുന്നത്.
ആരോഗ്യത്തിനും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ചെറുക്കാനും ധാരാളം ഇലക്കറികള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തണമെന്ന അറിവാണ് ഇത്തരമൊരു പ്രസ്ഥാനത്തെക്കുറിച്ചാലോചിക്കാന്‍ മായ വര്‍ഗീസിന് പ്രേരണയായത്. ഇലക്കറികള്‍ ലഭ്യമാണെങ്കിലും ഭൂരിപക്ഷവും രാസവളകീടനാശിനി പ്രയോഗങ്ങളാല്‍ കൂടുതല്‍ അപകടത്തിലേയ്ക്ക് വഴി തെളിയിക്കുമെന്നു വന്നപ്പോള്‍ അതിനൊരു പ്രതിവിധി കണ്ടെത്തിയേ മതിയാകൂ എന്നു വാശിയായി, മായ പറയുന്നു.
ചെറിയ വീടുകളുടേയും ഫ്ലാറ്റുകളുടേയും ഉള്ളില്‍പ്പോലും ലളിതമായി പച്ചക്കറി വിളയിക്കാമെന്നതാണ് വെര്‍ട്ടിഗ്രോയുടെ സവിശേഷത. ‘ടെറസ്സിലും ബാല്‍ക്കണിയിലുമെല്ലാം പച്ചക്കറിക്കൃഷി നടത്താനുള്ള ശ്രമം അടുത്ത കാലത്ത് വ്യാപകമായി ഉണ്ടായി. എന്നാല്‍ ഭൂരിപക്ഷം ബാല്‍ക്കണികളും ട്രെസ് ഉപയോഗിച്ചുള്ള മേല്‍ക്കൂര ആയതിനാല്‍ ഗ്രോബാഗ് തുടങ്ങിയവ ഉപയോഗിച്ചുള്ള കൃഷി പ്രായോഗികമല്ലാതായി. ട്രെസ് ഇല്ലാത്ത കേസുകളില്‍ നമ്മുടെ കാലാവസ്ഥയിലെ കടുത്ത മഴയും വെയിലും വില്ലനായപ്പോള്‍ മറുവശത്ത് ആളുകളുടെ മടിയും ഇത് പരാജയപ്പെടാന്‍ കാരണമായി. അങ്ങനെ ആഗ്രഹമുണ്ടായിട്ടും പല പരീക്ഷണങ്ങളും ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ഇത്തരത്തില്‍പ്പെട്ട എല്ലാ പരാജയസാഹചര്യങ്ങളും കണക്കിലെടുത്താണ് വെര്‍ട്ടിഗ്രോവ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതേസമയം എവിടെ കൃഷി ചെയ്യും, നല്ല വിത്തുകള്‍ എവിടെ കിട്ടും, ഏത് വളം എപ്പോള്‍ പ്രയോഗിക്കും, കീടങ്ങളെ എങ്ങനെ ചെറുക്കും, ദിവസേന എങ്ങനെ നനയ്ക്കും എന്നു തുടങ്ങുന്ന നിരവധി ചോദ്യങ്ങള്‍ തുടക്കക്കാരേയും പിന്തിരിപ്പിക്കുന്നു. ഇതിനെല്ലാമുള്ള ഒറ്റഉത്തരമായാണ് വെര്‍ട്ടിഗ്രോ വികസിപ്പിച്ചെടുത്തത്. ഇതിനായി പോളിഹൗസ്, ഗ്രീന്‍ഹൗസ് തുടങ്ങിയ ഒട്ടേറെ കൃഷിമാര്‍ഗങ്ങള്‍ പരീക്ഷിച്ചാണ് ഒടുവില്‍ ഇങ്ങനെ ഒരു നൂതനമാര്‍ഗം വികസിപ്പിച്ചെടുത്തത്’.
മുപ്പതോളം പച്ചക്കറിച്ചെടികള്‍ വളര്‍ത്തണമെങ്കില്‍ സാധാരണ നിലയില്‍ ചുരുങ്ങിയത് 200 ചതുരശ്രി അടി സ്ഥലം ആവശ്യമുള്ളിടത്താണ് വെറും നാല് ചതുരശ്രി അടി സ്ഥലത്ത് ഇത്രയും ചെടികള്‍ നട്ടുവളര്‍ത്താന്‍ വെര്‍ട്ടിഗ്രോ സാധ്യമാക്കുന്നത്. മനോഹരമായ രൂപകല്‍പ്പനയും വിന്യാസവുമായതുകൊണ്ട് സിറ്റിംഗ് റൂമിലും ബെഡ്‌റൂമിലും വരെ വയ്ക്കാമെന്നതാണ് മറ്റൊരു നേട്ടം. അടിഭാഗത്ത് കാസ്റ്ററുകള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ എളുപ്പത്തില്‍ ഉരുട്ടിമാറ്റാനും സൗകര്യമുണ്ട്. സൗകര്യമനുസരിച്ചും സൂര്യപ്രകാശത്തിന്റെ ലഭ്യത നോക്കിയും ഇങ്ങനെ വെര്‍ട്ടിഗ്രോവിനെ മാറ്റിസ്ഥാപിക്കാം. തുക്കിയിടാവുന്ന മോഡലുകളില്‍ പൂച്ചെടികളും വളര്‍ത്താം.
വീടു വിട്ടു യാത്ര ചെയ്യേണ്ടി വരുമ്പോള്‍ പരിചരണം ആരെ ഏല്‍പ്പിക്കും എന്ന ചോദ്യത്തിനും വെര്‍ട്ടിഗ്രോയില്‍ ഉത്തരമുണ്ടെന്ന് മായ വര്‍ഗീസ് ചൂണ്ടിക്കാണിച്ചു. ഓട്ടോമേറ്റഡ് റീചാര്‍ജബ്ള്‍ ബാറ്ററി പവറിന്റെ സഹായത്തോടെ 7 ദിവസം വരെ മനുഷ്യസഹായമോ സാന്നിധ്യമോ ഇല്ലാത്തപ്പോഴും വെര്‍ട്ടിഗ്രോയില്‍ ജലസേചനം നടക്കും. ‘നല്ല വിളവും രോഗപ്രതിരോധശേഷിയുമുള്ള വിത്തിനങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. പ്രത്യേകം ട്രീറ്റ് ചെയ്ത ഓര്‍ഗാനിക് മിശ്രിതത്തിലാണ് കൃഷി നടത്തുന്നത്. വീട്ടിലെ അടുക്കളമാലിന്യങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവ ഉപയോഗിച്ചുള്ള വെര്‍മികമ്പോസ്റ്റ് സിസ്റ്റവും ഇതോടൊപ്പം ലഭ്യമാണ്,’.
വീട്ടിലെ അടുക്കളമാലിന്യങ്ങള്‍ വന്‍തോതില്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ നമ്മുടെ ഏറ്റവും വലിയ തലവേദനയായ മാലിന്യപ്രശ്‌നത്തിനും അങ്ങനെ വെര്‍ട്ടിഗ്രോവ് ഒരു പരിധി വരെ പരിഹാരമാവും.’ കമ്പോസ്റ്റിംഗ് സംവിധാനത്തില്‍ വെര്‍ട്ടിഗ്രോവിന് പിന്തുണ നല്‍കുന്ന ക്ലീന്‍സിറ്റി പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ ജോസ് ജോസഫ് മൂഞ്ഞേലി ചൂണ്ടിക്കാണിച്ചു. കമ്പോസ്റ്റ് സിസ്റ്റം പ്രത്യേകം ഘടിപ്പിച്ച മോഡലുകള്‍ക്ക് ഒരു ച അടി സ്ഥലം മാത്രമേ അധികം വേണ്ടി വരുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഈ മോഡലുകളിലും ഒരു തരത്തിലുമുള്ള ദുര്‍ഗന്ധവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
മൂന്ന് വ്യത്യസ്ത മോഡലുകളിലാണ് വെര്‍ട്ടിഗ്രോവ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. കമ്പോസ്റ്റ് കോളവും ഉരുട്ടി മാറ്റാന്‍ കാസ്റ്ററുകളുമുള്ള പെഡസ്റ്റല്‍ ടൈപ്പ്, കമ്പോസ്റ്റ് കോളം ഇല്ലാത്ത പെഡസ്റ്റല്‍ ടൈപ്പ്, കമ്പോസ്റ്റ് കോളം ഇല്ലാത്ത തൂക്കിയിടാവുന്ന ടൈപ്പ് എന്നിവയാണ് ഈ മൂന്നു മോഡലുകള്‍ ഈ രീതിയിലൂടെ വിവിധ ഇനം ചീരകള്‍, ലെറ്റിയൂസ്, പാലക്, പുതിന, മല്ലി, സെലറി, പേഴ്സ്ലി, ഒറിഗാനോ (കാട്ടുമറുവ), കാബേജ്, തുടങ്ങി എല്ലാ ഇലക്കറികള്‍ക്കും പച്ചമുളകിനും പുറമെ മിക്കവാറും എല്ലാ പച്ചക്കറിയിനങ്ങളും വെര്‍ട്ടിഗ്രോയില്‍ വളര്‍ത്തിയെടുക്കാമെന്നാണ് മായ പറയുന്നത്. കേരളത്തില്‍ എവിടെയും ഇവ സ്ഥാപിച്ചു നല്‍കാന്‍ ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രോ യുവര്‍ ഓണ്‍ ഫുഡിന്റെ നഴ്‌സറി പ്രൊഡക്ഷന്‍ യൂണിറ്റ് സജ്ജമായിക്കഴിഞ്ഞു.