സ്വപ്‌നം വിളഞ്ഞതും മധുരം വിളഞ്ഞതും നൂറുമേനി

0
810

കൃഷിയില്‍ നൂറുമേനി വിളവ് ലഭിക്കുക എന്നത് തന്നെയാണ് കര്‍ഷകൻ്റെ ഏറ്റവും വലിയ വിജയം. അതോടൊപ്പം അംഗീകാരം ലഭിക്കുകയും ചെയ്യുമ്പോള്‍ വിജയത്തിൻ്റെ മധുരം ഇരട്ടിയാകുകയും ചെയ്യുന്നു. പരാജയപ്പെട്ടുപോയേക്കാവുന്ന മനസ്സിനെ കീഴ്‌പ്പെടുത്തി ഇരട്ടിമധുരം കൃഷിയിലും ജീവിതത്തിലും കൊയ്ത, തൃശ്ശൂര്‍ കയ്പമംഗലം സ്വദേശിനിയായ നിബിതയുടെ വിജയത്തിൻ്റെ കഥയാണ് പറഞ്ഞുവരുന്നത്. വിവാഹ ശേഷം കുറച്ചുനാള്‍ ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്നു നിബിത. കുറച്ചുനാളുകള്‍ക്കുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയെങ്കിലും പഠനത്തിനനുസരിച്ചുള്ള ജോലികള്‍ക്കുപോകാന്‍ നിബിതയ്ക്കുകഴിഞ്ഞില്ല.

ചില നേരമ്പോക്കുകള്‍ സ്വപ്‌നങ്ങളായി മാറാറുണ്ട് പലപ്പോഴും. നിബിതയ്ക്കും തൻ്റെ അടുക്കള തോട്ടത്തിലെ കൃഷി ഒരു നേരമ്പോക്കുമാത്രമായിരുന്നു. ഒടുവില്‍ കൃഷിക്കുശേഷമുള്ള സമയം തനിക്കിഷ്ടപ്പെട്ട വിഭവങ്ങള്‍ ഉണ്ടാക്കുന്നത് വിനോദമാക്കി തൻ്റെ ഒഴിവ് സമയങ്ങള്‍ നിബിത തള്ളിനീക്കി. ഒരു വിനോദമായി തുടങ്ങിയ കൃഷി, നിബിതയെ കയ്പ്പമംഗലം പഞ്ചായത്തില്‍ നിന്ന് യുവ കര്‍ഷകയ്ക്കുള്ള അവാര്‍ഡിനുവരെ അര്‍ഹയാക്കി.

അടുത്തതായി ആരംഭിച്ച നേരംപോക്കാകട്ടെ ഒരു സംരംഭക എന്ന നിലയിലേക്ക് നിബിതയെ മാറ്റുകയായിരുന്നു. ഷബീബ് പച്ചക്കൊടി കാട്ടിയതോടെ നിബിത, പേസ്ട്രി നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെയാണ് നിബിസ് പേസ്ട്രിക്ക് തുടക്കം കുറിച്ചത്. കുറച്ചുകൂടി പ്രൊഫഷണലാകാനായി പുതിയ സംരംഭത്തെക്കുറിച്ചും വിപണിയെക്കുറിച്ചും അല്‍പ്പംകൂടി ആഴത്തില്‍ പഠിക്കുകയും ചെയ്തു. നിബിതയുടെ വിജയത്തിന് പിന്നില്‍ ഷബീബിൻ്റെ പൂർണ്ണ പിന്തുണയും ഉണ്ട്.

ഓണ്‍ലൈന്‍ വിപണിയില്‍ അനന്ത സാധ്യതയുള്ള ഇക്കാലത്ത് നിബിത തൻ്റെ വിപണനവും ഓണ്‍ലൈന്‍ വഴിയാക്കി. പ്രായഭേദമന്യേ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന പലയിനം പേസ്ട്രികളാണ് നിബിത തയ്യാറാക്കുന്നത്. ജന്മദിനാഘോഷങ്ങള്‍ക്കും, വിവാഹസത്ക്കാരങ്ങള്‍ക്കും, ഓഫീസുകളിലെ പാര്‍ട്ടികളിലും മുന്‍പന്തിയില്‍ ഇപ്പോഴുള്ളത് വിവിധയിനം പേസ്ട്രികളാണ്.

ഇവയില്‍ ഏറ്റവും താരമായി തിളങ്ങുന്ന ഒന്നാണ് നിബിസ് പേസ്ട്രി. ഉപഭോക്താക്കള്‍ പറയുന്ന രീതിയില്‍ തയ്യാറാക്കി നല്‍കുമെന്നതും നിബിതയുടെ പേസ്ട്രിയ്ക്ക് ഡിമാന്‍ഡ് കൂട്ടുന്നു.

മറ്റേതു സംരംഭങ്ങളെയുംപോലെ ആദ്യകാലത്ത് മങ്ങിനിന്ന നിബിതയുടെ പേസ്ട്രികള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റിയുടെ ലൈസന്‍സോടെ കുതിക്കുന്ന നിബിതയുടെ സംരംഭം ബേക്കറിയിലേയ്ക്ക് എത്തി നില്‍ക്കുകയാണിപ്പോള്‍. കേക്കുകള്‍ക്കുപുറമെ പലതരം രുചികളില്‍ വരുന്ന ബ്രഡുകള്‍, പിസ, കുക്കീസ് എന്നിവയിലൂടെയും നിബിതയുടെ കൈപ്പുണ്യത്തിന്റെ രുചി ഇപ്പോള്‍ ഉപഭോക്താക്കളിലേയ്ക്ക് എത്തുന്നുണ്ട്.

ഹോം ബേക്കിങ്ങും കൃഷിയിലും ഒതുങ്ങി നില്‍ക്കാതെ ഗ്രീന്‍സ്‌കേപ്പ് എന്ന പേരില്‍ ഇന്‍ഡോര്‍ പ്ലാന്‍സിന്റെ സംരംഭവും നിബിത തുടങ്ങിയിട്ടുണ്ട്.
അടുക്കളയില്‍ ചെലവാക്കുന്ന സമയത്തില്‍ അല്‍പ്പം മാറ്റം വരുത്തി അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന നിബിത, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വീട്ടമ്മമാര്‍ക്ക് വഴികാട്ടിയാവുകയാണിവിടെ. വലിയ മുതല്‍മുടക്കുകളില്ലാത്ത നിബിതയുടെ സംരംഭം എന്തുകൊണ്ടും മികച്ച ഒരു മാതൃകയാണെന്നതില്‍ സംശയമില്ല..