ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസിക്കുകള്‍ക്ക് നിരോധനം ഏർപ്പെടുത്തിയത് ജനുവരി ഒന്ന്മുതലാണ് സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുന്നത്. പല സ്ഥലങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് പകരം തുണി സഞ്ചികള്‍ വിപണിയില്‍ എത്തി തുടങ്ങിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ജനുവരി ഒന്ന് മുതല്‍ കർശനമായി നടപ്പാക്കുമെന്ന് കലക്ടർ എസ് സുഹാസ്. ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വലിയ ഷോപ്പുകളിലും കർശനമായ പരിശോധനയുണ്ടാകും.
പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കാനായി ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍ 2 രൂപ മുതൽ വിലയുള്ള തുണി സഞ്ചികൾ ഉത്പാദിപ്പിച്ച് വിപണിയിലെത്തിച്ചിട്ടുണ്ട്.
ജനുവരി ഒന്ന് മുതൽ തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധന നടത്തി നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കലക്ടർ നിർദ്ദേശം നല്‍കി. പ്ലാസ്റ്റിക് നിരോധനത്തിൽ പ്രധാന പങ്ക് വഹിക്കാനുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിശോധനകൾക്ക് റവന്യൂ ഉൾപ്പെടെയുള്ള വകുപ്പുകളുടെയും സഹകരണം ലഭ്യമാക്കും. എല്ലാതരത്തിലുമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളും നിരോധനത്തിന്റെ പരിധിയിൽ ഉള്ളതായും കലക്ടർ പറഞ്ഞു.
ഇപിആറില്‍ ഉള്‍പ്പെട്ട ബ്രാൻഡുകളുടെ ഉത്പന്നങ്ങള്‍ക്ക് നിരോധനത്തിൽ ഇളവുകളുണ്ട്. ഇപിആർ പരിധിയിലുള്ള ബ്രാൻഡുകൾ ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് കവറുകൾ ശേഖരിക്കുന്നതിനുള്ള സംവിധാനം അവർതന്നെ ഒരുക്കുന്നതിനാലാണ് ആനുകൂല്യം.
ശുചിത്വമിഷന്റെ നിർദ്ദേശങ്ങൾ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാർ പഠിക്കണം. അടുത്ത 25ന് തദ്ദേശ സ്ഥാപനങ്ങളിൽ ശുചീകരണ യജ്ഞം സംഘടിപ്പിക്കണം. പ്ലാസ്റ്റിക് ഒഴിവാക്കാൻ വ്യാപാരി വ്യവസായി സംഘടനകളുമായി ചേർന്ന് വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾ വേണം. പ്ലാസ്റ്റിക് വിമുക്ത വ്യാപാര കേന്ദ്രം എന്ന ബോർഡ് എല്ലാ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കാൻ ശ്രമിക്കണം.