‘താരിഫ് നിരക്ക് കൂടിയതോടെ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യുന്നവരുടെ എണ്ണം കൂടി’

0
24

സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് നിരക്ക് കൂടിയതോടെ പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്ത് എത്തുന്നവരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ റിപ്പോർട്ടിനെ ശരിവെക്കുകയാണ് വോഡഫോൺ ഐഡിയ (വിഐ) സിഇഒ അക്ഷയ മൂന്ദ്ര. കമ്പനിക്ക് ഉപഭോക്താക്കളെ നഷ്‌ടമാകുന്നത് തുടരുന്നു, അദേഹം സ്ഥിരീകരിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. താരിഫ് നിരക്ക് കൂടിയ ശേഷം ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്‌തവരുടെ എണ്ണം വർധിച്ചു. അത് ഞങ്ങൾ നിരീക്ഷിക്കുകയാണ്. ബിഎസ്എൻഎൽ നിരക്കുകൾ വർധിപ്പിക്കാത്തതാണ് ആളുകൾ പോർട്ട് ചെയ്യാനുള്ള കാരണം. അതേസമയം താരിഫ് വർധനവിൻറെ ഗുണം വരും സാമ്പത്തികപാദങ്ങളിൽ അറിയാമെന്നും അക്ഷയ മൂന്ദ്ര വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിൽ ആണ് റിലയൻസ് ജിയോയും ഭാരതി എയർടെല്ലും റീച്ചാർജ് നിരക്കുകൾ വർധിപ്പിച്ചത്. എന്നാൽ ബിഎസ്എൻഎൽ പഴയ താരിഫ് നിരക്കുകളിൽ തുടരുകയും ചെയ്തു. ഇതോടെയാണ് ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാൻ സ്വകാര്യ ടെലികോം കമ്പനികളിൽ നിന്ന് ആളുകളുടെ വർദ്ധനവ് ഉണ്ടായത്.

4ജി നെറ്റ്‌വർക്ക് വർധിപ്പിക്കാനുള്ള ശ്രമങ്ങളും വിഐയുടെ ഭാഗത്ത് നിന്നുണ്ട്. വോഡഫോൺ ഐഡിയക്ക് നിലവിൽ 168,000 4ജി സൈറ്റുകളാണുള്ളത്. ഇത് 215,000ലേക്ക് ഉയർത്താണ് ശ്രമം. നിലവിൽ രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം സേവനദാതാക്കളാണ് വിഐ. പുതിയ ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ ബിഎസ്എൻഎൽ 4ജി വ്യാപനം അതിവേഗം നടത്താനുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ശ്രമത്തിലാണ്. അതേസമയം തന്നെ 5ജിയെ കുറിച്ചും ബിഎസ്എൻഎൽ ആലോചിക്കുന്നു. 2025ൻറെ തുടക്കത്തോടെ ബിഎസ്എൻഎൽ 5ജി കിട്ടിത്തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോയും എയർടെല്ലും വോഡഫോണും 4ജി നേരത്തെ തന്നെ ലഭ്യമാക്കിയിട്ടും ബിഎസ്എൻഎൽ വൈകുകയായിരുന്നു. സ്വകാര്യ നെറ്റ്‌വർക്കുകളാവട്ടെ ഇപ്പോൾ 5ജി വ്യാപനത്തിൽ ശ്രദ്ധയൂന്നുകയാണ്. സമീപ വർഷങ്ങളിൽ നഷ്‌ടമായ ഉപഭോക്താക്കളെ തിരികെ പിടിക്കാൻ ബിഎസ്എൻഎല്ലിന് കഴിയുമോ?