ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതിയില്‍ നീല, വെള്ള കാര്‍ഡുടമകള്‍ക്ക് ഇടമില്ല. ഈ വിഭാഗത്തില്‍പ്പെട്ട് കാര്‍ഡുടമകള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് റേഷന്‍ വാങ്ങാന്‍ സാധിക്കില്ല. കേരളമൊഴികെയുള്ള പല സംസ്ഥാനങ്ങളിലും പൊതുവിഭാഗങ്ങള്‍ക്ക് റേഷനില്ലാത്തതാണ് കാരണം.
അന്ത്യോദയ അന്നയോജന (മഞ്ഞ), മുന്‍ഗണന (ചുവപ്പ് ) കാര്‍ഡുടമകള്‍ക്ക് മാത്രമേ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് റേഷന്‍ വാങ്ങാന്‍ കഴിയുള്ളൂ. ഇതോടെ കേരളത്തിലെ 86.36 ലക്ഷം കാര്‍ഡുടമകളില്‍ 49.48 ലക്ഷം കാര്‍ഡുടമകള്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് റേഷന്‍ വാങ്ങാന്‍ സാധിക്കില്ല. ഇതുസംബന്ധിച്ച പട്ടിക സിവില്‍ സപ്ലൈസ് വകുപ്പ് തയ്യാറാക്കി.
വിവിധ സംസ്ഥാനങ്ങളില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാനക്കാര്‍ക്ക് റേഷന്‍ ഉറപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി കൊണ്ടുവന്നത്. ആദ്യഘട്ടത്തില്‍ 10 സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട അഞ്ചു ക്ലസ്റ്ററുകളായി ഈ മാസം അവസാനമാണ് പദ്ധതി തുടങ്ങുന്നത്. ഇതില്‍ കര്‍ണാടകവുമായി ചേര്‍ന്നാണ് കേരളത്തിന്റെ ക്ലസ്റ്റര്‍.
കേരളത്തിലുള്ള മുന്‍ഗണന-എ.എ.വൈ. കാര്‍ഡുടമകള്‍ക്ക് ഇതുപ്രകാരം കര്‍ണാകടയില്‍നിന്നും കര്‍ണാടകയിലുള്ളവര്‍ക്ക് കേരളത്തില്‍നിന്നും ഭക്ഷ്യധാന്യം വാങ്ങാം. അതിര്‍ത്തി പ്രദേശങ്ങളില്‍ ആദ്യഘട്ട പ്രവര്‍ത്തനം നടത്തി. ഇ-പോസ് യന്ത്രത്തില്‍ ഇരുസംസ്ഥാനങ്ങളിലെയും കാര്‍ഡുടമകളുടെ വിരടയാളം പതിപ്പിച്ചായിരുന്നു ഇത്. ബില്ലടിക്കുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇതുപരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്.
മുന്‍ഗണനാ വിഭാഗങ്ങളുടെ റേഷനരി വില കേരളത്തിലും കര്‍ണാകടയിലും വ്യത്യസ്തമാണ്. കേരളത്തില്‍ രണ്ടുരൂപ നിരക്കിലും കര്‍ണാടകത്തില്‍ സൗജന്യവുമായാണ് അരി നല്‍കുന്നത്. വിലയിലെ ഈ പൊരുത്തക്കേട് എങ്ങനെ പരിഹരിക്കുമെന്നും വ്യക്തമായിട്ടില്ല.
കര്‍ണാടകവുമായി വിലയില്‍ ധാരണയുണ്ടാക്കുമെന്ന് സിവില്‍ സപ്ലൈസ് വ്യക്തമാക്കിയിരുന്നെങ്കിലും തീരുമാനമായിട്ടില്ല. ഇതിനുശേഷമേ കര്‍ണാടകവുമായി ചേര്‍ന്നുള്ള പദ്ധതി ആരംഭിക്കൂ. രാജ്യമൊട്ടാകെ അടുത്തവര്‍ഷം ജനുവരിയില്‍ പദ്ധതി ആരംഭിക്കുന്നതോടെ കേരളത്തിലുള്ളവര്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍നിന്നും റേഷന്‍ വാങ്ങാനാകും.
ഭക്ഷ്യഭദ്രതാനിയമ പരിധിയില്‍ വരുന്ന എല്ലാ കാര്‍ഡുടമകള്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് റേഷന്‍ വാങ്ങാം. പൊതുവിഭാഗത്തിന് കേരളം മാത്രമാണ് റേഷന്‍ നല്‍കുന്നത്. മറ്റു സംസ്ഥാനങ്ങള്‍ നല്‍കുന്നില്ല. അതാകാം അവര്‍ക്ക് പദ്ധതിയില്‍ ഇടംകിട്ടാത്തതിന് കാരണം. -പി. തിലോത്തമന്‍, ഭക്ഷ്യമന്ത്രി