ഒരു ആട് ചത്തതോടെ കോള്‍ ഇന്ത്യയ്ക്ക് നഷ്ടം സംഭവിച്ചത് കോടിക്കണക്കിന് രൂപ. കോള്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ മഹാനദി കോള്‍ഫീല്‍ഡ് ലിമിറ്റഡിനാണ് (എം.സി.എല്‍) ആട് ചത്തത് കാരണം 2.7 കോടി രൂപയുടെ നഷ്ടമുണ്ടായത്. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം.
കോള്‍ ഇന്ത്യയുടെ നിരോധിത മേഖലയില്‍ കല്‍ക്കരി കൊണ്ടുപോകുന്ന വാഹനം ഇടിച്ച് ആട് ചത്തതോടെ പ്രദേശവാസികള്‍ നടത്തിയ പ്രിതിഷേധത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം മൂന്നര മണിക്കൂറാണ് സ്തംഭിച്ചത്.
താല്‍ച്ചര്‍ കല്‍ക്കരിപ്പാടത്താണ് പ്രതിഷേധം അരങ്ങേറിയത്. സെപ്റ്റംബര്‍ 30 ന് രാവിലെ 11 മണിക്കാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി കല്‍ക്കരി ഗതാഗതം തടസ്സപ്പെടുത്തിയത്. ആട് ചത്തതിന് 60,000 രൂപ നല്‍കണമെന്നതായിരുന്നു പ്രദേശവാസികളുടെ ആവശ്യം.
പ്രദേശവാസികളുടെ പ്രതിഷേധം ശ്കത്മായതോടെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷം മാത്രമേ കമ്പനിക്ക് പ്രവർത്തനം വീണ്ടും തുടരാന്‍ സാധിച്ചുള്ളു. ഇവിടെ ചരക്ക് നീക്കത്തില്‍ തടസ്സമുണ്ടായതോടെ രണ്ടരകോടിയിലധികം രൂപയുടെ നഷ്ടമുണ്ടയാതായിട്ടാണ് കണക്കാക്കുന്നത്. കൂടാതെ ജോലി നിര്‍ത്തിയത് മൂലം 46 ലക്ഷം രൂപയുടെ നഷ്ടം വേറെയുമുണ്ടായി. പോലീസെത്തി സംഭവത്തില്‍ ഇടപെട്ടതോടെയാണ് കല്‍ക്കരിപ്പാടത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.
നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മൂന്നരമണിക്കൂറോളം പ്രവര്‍ത്തനം നിലച്ചെന്നും ഒരു ആടിന് വലിയവില കൊടുക്കേണ്ടിവരുമെന്നത് സത്യമാണെന്നും എം.സി.എല്‍. വക്താവ് ഡിക്കെന്‍ മെഹ്റ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതായും പ്രദേശവാസികള്‍ കല്‍ക്കരിപ്പാടത്ത് അതിക്രമിച്ച് കടക്കുന്ന് കല്‍ക്കരിയെടുക്കുന്നതും കന്നുകാലികളെ മേയാന്‍ വിടുന്നതും പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.