രാജ്യത്ത് സവാള വില കുതിച്ചുയരുകയാണ്. ഇപ്പോൾ തന്നെ ഉയർന്ന് നിൽക്കുന്ന സവാള വില ദീപാവലിയോടനുബന്ധിച്ച് ഇനിയും ഉയരുമോ എ്നന ആശങ്കയിലാണ് കേന്ദ്ര സർക്കാർ. ഉത്സവ സീസണിൽ സവാളവില ഉയർന്നാൽ അത് ജനരോഷത്തിന് കാരണമാകുമെന്നതിൽ സംശയമില്ല. ചില്ലറ വിപണിയിൽ സവാള വില നിലവിൽ കിലോയ്ക്ക് 60 മുതൽ 80 രൂപ വരെയാണ്, ദീപാവലി വരെ ഉയർന്ന വില തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രധാന സവാള ഉത്പാദക സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്തതാണ് വില വർദ്ധനവിന് പ്രധാന കാരണം. മഴ കാരണം വിളവെടുപ്പ് 10 മുതൽ 15 ദിവസം വരെ വൈകുകയും ചെയ്തതിനാൽ ദീപാവലി വരെ ഉള്ളിക്ക് വില കൂടുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സവാളക്ക് പുറമേ തക്കാളി, ഭക്ഷ്യ എണ്ണ എന്നിവയുടെ വിലയും വർദ്ധിച്ചിട്ടുണ്ട്. ഒമ്പത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇവയുടെ വില.
ഉള്ളിയുടെ ഇപ്പോഴത്തെ വില?
ഉള്ളിയുടെ ചില്ലറ വില നിലവിൽ കിലോയ്ക്ക് 60-80 രൂപയാണ്, അതേസമയം നാസിക്കിലെ മൊത്തവില ഒരു മാസത്തിലേറെയായി കിലോയ്ക്ക് 45-50 രൂപയിലാണ്. ഉള്ളി, തക്കാളി, പാചക എണ്ണ എന്നിവയുടെ വിലക്കയറ്റമാണ് 2024 സെപ്റ്റംബറിലെ പണപ്പെരുപ്പ കണക്കുകൾ ഒമ്പത് മാസത്തെ ഉയർന്ന നിരക്കായ 5.49 ശതമാനത്തിലെത്തിച്ചത്, ഈ പ്രവണത ഒക്ടോബറിലും തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓഗസ്റ്റിൽ പണപ്പെരുപ്പം അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.65 ശതമാനത്തിലേക്ക് താഴ്ന്നതിനെ തുടർന്നാണിത്. ഭക്ഷ്യവിലപ്പെരുപ്പം ഓഗസ്റ്റിലെ 5.66 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 9.24 ശതമാനമായി ഉയർന്നു.