ജൂലൈ 13 ന് യുപിഐ പേമെൻ്റ് ഉൾപ്പടെയുള്ള ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി എച്ച് ഡി എപ് സി ബാങ്ക്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾ ആവശ്യമുള്ള പണം അക്കൗണ്ടിൽ നിന്ന് മാറ്റി കൈയ്യിൽ കരുതണം എന്ന് മുന്നറിയിപ്പിൽ പറയുന്നു. ബാങ്കിലെ സിസ്റ്റം മുഴുവൻ അപ്ഡേറ്റ് ചെയ്ത് നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തടസ്സം നേരിടുന്നത്. ജൂലൈ 13 ന് പുലർച്ചെ 3:00 മുതൽ 3:45 വരെയും 9:30 മുതൽ 12:45 വരെയുമാണ് സേവനങ്ങൾ മുടങ്ങുക. ബാങ്കിന്റെ പ്രവർത്തനക്ഷമതയും ശേഷിയും വിശ്വാസ്യതയും വർധിപ്പിക്കുകയാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. നവീകരണ കാലയളവിൽ നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ എന്നിവ ലഭ്യമാകില്ലെന്ന് ബാങ്ക് അറിയിച്ചു. കൂടാതെ, ഐഎംപിഎസ്, നെഫ്റ്റ്, ആർടിജിഎസ് , എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട്-ടു-അക്കൗണ്ട് ഓൺലൈൻ ട്രാൻസ്ഫർ, ബ്രാഞ്ച് ട്രാൻസ്ഫർ എന്നിവയുൾപ്പെടെയുള്ള എല്ലാ ഫണ്ട് ട്രാൻസ്ഫർ സേവനങ്ങളും ഈ കാലയളവിൽ ലഭ്യമാകില്ല.
ജൂലൈ 13 സേവനങ്ങൾ തടസ്സമാകുന്നത് കൊണ്ടുള്ള ബുദ്ധിമുട്ട് ഉണ്ടാകാതെയിരിക്കാൻ 12 വെള്ളിയാഴ്ച വൈകുന്നേരം 7:30 ന് മുമ്പ് ആവശ്യത്തിനുള്ള പണം പിൻവലിക്കാനും എല്ലാ ഫണ്ട് ട്രാൻസ്ഫറുകളും മുൻകൂട്ടി ആസൂത്രണം ചെയ്യാനും എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേ സമയം ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ തുടരും. സിസ്റ്റം നവീകരിക്കുന്ന കാലയളവിൽ, ഉപഭോക്താക്കൾക്ക് അവരുടെ എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിച്ച് ഏത് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം.