ഇതിഹാസ
വ്യവസായി രത്തൻ ടാറ്റക്ക് വിട

0
11

ഇന്ത്യയുടെ വിശ്വസ്ത വ്യവസായിക്ക്, ടാറ്റയുടെ മുൻ അമരക്കാരൻ വിട പറഞ്ഞു. ലോകം കീഴടക്കാൻ ടാറ്റയ്ക്കു കരുത്തേകിയ രത്തൻ ടാറ്റ (86) ഇനി ഓർമ്മ. ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നേമുക്കാലിനാണ് മരണം സംബന്ധിച്ച് ടാറ്റ സൺസിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. രക്തസമ്മർദം കുറഞ്ഞ് അവശനായ അദ്ദേഹത്തെ തിങ്കളാഴ്ച പുലർച്ചെയാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുമ്പോഴും ആരോഗ്യനില ക്രമേണ മോശമാകുകയായിരുന്നു. മൃതദേഹം മുംബൈ കൊളാബയിലെ വീട്ടിലെത്തിച്ചു. പത്തരയോടെ മുംബൈ നരിമാൻ പോയിന്റിലെ നാഷനൽ സെന്റർ ഫോർ പെർഫോമിങ് ആർട്സിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് നാലുമണിക്ക് വർളി ശ്മശാനത്തിൽ സംസ്കാരചടങ്ങുകൾ നടക്കും. മഹാരാഷ്ട്ര സർക്കാർ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

രാജ്യത്തിൻ്റെ ഹൃദയത്തിലേക്ക് നടന്നുകയറിയ വ്യവസായിയാണ് രത്തൻ ടാറ്റ. രാജ്യത്ത് കാർ നിർമാണത്തിൽ വിപ്ലവം സൃഷ്ടിച്ച വ്യവസായി. ജെആർഡി ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെ മകനായി 1937 ഡിസംബർ 28ന് മുംബൈയിൽ ജനനം. 1961ൽ ജംഷഡ്പൂരിലെ ടാറ്റ സ്റ്റീൽ ലിമിറ്റഡിൽ ജോലിക്കാരനായിയാണ് തുടക്കം. 1962ലാണ് ടാറ്റ ​ഗ്രൂപ്പിൻ്റെ ചുമതലയേൽക്കുന്നത്. 1981ൽ ടാറ്റ ഇൻഡസ്ട്രീസ് ചെയർമാനായി. കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് മാറിനിന്ന അദ്ദേ​ഹം കാരുണ്യ പ്രവർത്തന മേഖലയിലായിരുന്നു ശ്രദ്ധ നൽകിയിരുന്നത്. സൈറസ് മിസ്ത്രിയായിരുന്നു പിൻ​ഗാമിയായി ടാറ്റ സൺസ് ചെയർമാനായത്. 1991 മുതൽ 2012 ഡിസംബർ 28ന് വിരമിക്കും വരെ 21 വർഷം ടാറ്റ ​ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു. വിരമിച്ചശേഷം ടാറ്റ സൺസ്, ടാറ്റ ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്‌റ്റീൽ, ടാറ്റ കെമിക്കൽസ് തുടങ്ങിയവയുടെ എമിരറ്റസ് ചെയർമാൻ പദവി വഹിക്കുകയായിരുന്നു. സൈറസ് മിസ്ത്രി സ്ഥാനമൊഴിഞ്ഞശേഷം ഇടക്കാല ചെയർമാനായും പ്രവർത്തിച്ചു. ടെലി കമ്യൂണിക്കേഷൻ കമ്പനിയായ ടാറ്റ ടെലി സർവീസസ് 1996ൽ സ്ഥാപിച്ചത് അദ്ദേഹമാണ്. ബ്രിട്ടീഷ് കാർ ബ്രാൻഡുകളായ ജാ​ഗ്വർ, ലാൻഡ് റോവർ എന്നിവ 2004ൽ ഏറ്റെടുത്തു. ഏറ്റവും വിലകുറഞ്ഞ കാർ പുറത്തിറക്കുമെന്ന വാ​ഗ്ദാനവുമായി 2009ൽ ലോകത്തെ അമ്പരിപ്പിച്ചുകൊണ്ട് ഒരു ലക്ഷം രൂപയുടെ ടാറ്റ നാനോ കാർ പുറത്തിറക്കി. കോർണൽ സർവകലാശാലയിൽ നിന്ന് ആർക്കിടെക്‌ചറൽ എഞ്ചിനിയറിം​ഗ് ബിരുദം നേടി. ഹാവാർഡിൽനിന്ന് മാനേജ്മെന്റ് പഠനവും പൂർത്തിയാക്കി. 2000ൽ പത്മഭൂഷണും 2008ൽ പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. അവിവാഹിതനാണ്.