വ്യവസായ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനും പുതുക്കല്‍ നടപടി ക്രമങ്ങളും
ലളിതമാക്കിയുള്ള പുതിയ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. കേരള സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പാണ് ഇക്കഴിഞ്ഞ മാസം ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് പ്രകാരം വകുപ്പിന്റെ പോര്‍ട്ടലില്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള നിശ്ചിത ഫീസും സ്വയം സാക്ഷ്യപ്പെടുത്തലും സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പുതുക്കല്‍ നടന്നതായി കണക്കാക്കും.
വാണിജ്യ ഇടങ്ങളില്‍ ജോലി നോക്കുന്ന തൊഴിലാളികളുടെ സേവന വ്യവസ്ഥകളെ ക്രമീകരിക്കുക എന്ന ഉദ്ദേശത്തോട് കൂടിവന്ന നിയമമാണ് 1960ലെ കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്. ഫാക്ടറി നയമ പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ സ്ഥാപനങ്ങളും ഈ ഒരു ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടത്. തൊഴിലാളികളില്ലാത്ത സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.
ഓരോ സ്ഥാപനത്തിന്റെ ഉടമകള്‍ ഈ അക്ടിലെ 5 എ പ്രകാരം നിശ്ചിത ഫീ അടച്ച് നിര്‍ദിഷ്ട ഫോമില്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ക്ക് റജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കണം. ചട്ടങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫോം ബി 1ല്‍ ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
തൊഴില്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണം. ചലാന്‍ ഡൗണ്‍ലോഡ് ചെയ്ത് ട്രഷറിയില്‍ തുക അടച്ചതിനു ശേഷം അസ്സല്‍ ചലാനും ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയുംകൂടി തൊഴില്‍ വകുപ്പിന്റെ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കണം.
നിയമങ്ങള്‍ക്കനുസൃതമായ രീതിയിലാണ് അപേക്ഷ ലഭിച്ചിരിക്കുന്നതെന്ന് ബോധ്യപ്പെട്ടാല്‍ തൊഴില്‍ വകുപ്പ് അധികാരി സ്ഥാപനം റജിസ്റ്റര്‍ ചെയ്യുകയും നിശ്ചിത മാതൃകയിലുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. ഈ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് അതു ലഭിച്ച കലണ്ടര്‍ വര്‍ഷത്തേയ്ക്ക് മാത്രമേ സാധുത ഉണ്ടായിരിക്കുകയുള്ളു. റജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള അപേക്ഷ ഓരോ വര്‍ഷവും നവംബര്‍ 30നു മുന്‍പായി നിശ്ചിത ഫീസ് അടച്ച അസ്സല്‍ ചലാന്‍ രസീതിനോടൊപ്പം ഹാജരാക്കേണ്ടതാണ്.
2018ലെ കേരള ഇന്‍വെസ്റ്റ്‌മെന്റ പ്രൊമോഷന്‍ ആന്‍ഡ് ഫസിലിറ്റേഷന്‍ ആക്ട് പ്രകാരം കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തില്‍, അപേക്ഷ ലഭിച്ചാല്‍ അന്നുതന്നെ റജിസ്‌ട്രേഷന്‍ ലഭ്യമാക്കും എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു.
വിവിധ നിയമങ്ങള്‍ പ്രകാരമുള്ള ലൈസന്‍സുകളും റജിസ്‌ട്രേഷനുകളും അനുമതികളും ക്ലിയറന്‍സുകളും ലഭിക്കുന്നതിനുണ്ടാകുന്ന കാലതാമസം ഒഴിവാക്കി ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണീ പുതിയ നീക്കം. കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും റജിസ്‌ട്രേഷനും പുതുക്കലിനും വേണ്ടി പല തവണ ലേബര്‍ ഓഫിസുകളില്‍ കയറിയിറങ്ങേണ്ടി വന്നിരുന്ന തൊഴിലുടമകള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് കേരള സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.
ഇപ്പോള്‍ കേരള തൊഴില്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ (lcas.lc.kerala.gov.in) ഓണ്‍ലൈനായി റജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ സംവിധാനമുണ്ട്.