ആമസോണ്‍ ഫ്ലിപ്കാർട്ട് ഉത്സവകാല വില്‍പ്പന പൊടിപൊടിച്ചപ്പോള്‍ റീട്ടെയില്‍, ഓഫ്‌ലൈന്‍ സ്റ്റോറുകളുടെ വില്‍പ്പന തകര്‍ന്നടിഞ്ഞു

0
1563

ഏറ്റവും വലിയ ഇ-കോമേഴ്‌സ് കമ്പനികളായ ആമസോണ്‍, ഫ്ലിപ്കാർട്ട്  ചേര്‍ന്ന് ഇന്ത്യയില്‍ നടത്തിയ ഉത്സവകാല വില്‍പ്പന പൊടിപൊടിച്ചപ്പോള്‍ റീട്ടെയില്‍, ഓഫ്‌ലൈന്‍ സ്റ്റോറുകളുടെ വില്‍പ്പന തകര്‍ന്നടിഞ്ഞ്.

ആമസോണ്‍, ഫ്ലിപ്കാർട്ട് ഓണ്‍ലൈന്‍ സൈറ്റുകളുടെ അഞ്ചു ദിവസത്തെ ഉത്സവകാല വില്‍പ്പനയില്‍ ഈ വര്‍ഷം 33 ശതമാനം വര്‍ധനവ് ഉണ്ടായി. ഇതേസമയം ഓഫ്‌ലൈന്‍ സ്റ്റോറുകളുടെ വില്‍പ്പന ഈ ദിവസങ്ങളില്‍ 30 ശതമാനമാണ് തകര്‍ന്നടിഞ്ഞിരിക്കുന്നത്.

ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവെലിലൂടെ കഴിഞ്ഞ ആറു ദിവസങ്ങള്‍ കൊണ്ട് ഇരു കമ്പനികളും ചേര്‍ന്ന് സമാഹരിച്ചത് 350 കോടി ഡോളറിനും 370 കോടി ഡോളറിനും ഇടയിലാണ്.സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കാലയളവില്‍ മാത്രം ഇരു ഇ-കൊമേഴ്‌സ് കമ്പനികളുടെയും വില്‍പ്പന 480 കോടി ഡോളറില്‍ എത്തും എന്നാണ് സൂചന.

രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ ഈ രണ്ടു കമ്പനികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്ന് കോട്ടയം, തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് ആമസോണ്‍,  ഫ്ലിപ്കാർട്ട് ഓഫറുകള്‍ കാര്യമായി ഉപയോഗിച്ചത്.

ആമസോണ്‍ ഏറ്റവും വലിയ ആഘോഷമായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍. ഉത്സവകാല വില്‍പ്പനയിലൂടെ ഫ്ലിപ്കാർട്ടിൻ്റെ വിപണി വിഹിതത്തില്‍ 73 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ഫ്ലിപ്കാർട്ട് സി.ഇ.ഒ കല്ല്യാണ്‍ കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി.

ആമസോണിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ എല്ലാ മാര്‍ക്കറ്റ് പ്ലേസുകളിലും പുതിയ ഉപഭോക്താക്കളെ നേടാനായതായി ആമസോണിന്റെ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അമിത്അഗര്‍വാള്‍ പറഞ്ഞു.

ഇ.എം.ഐ സൗകര്യം, മറ്റ് ബാങ്ക് ഓഫറുകള്‍, വമ്പിച്ച ഡിസ്‌കൗണ്ടുകള്‍ എന്നിവയുമായി സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ നാലു വരെയായിരുന്നു ഉത്സവകാല വില്‍പ്പന അരങ്ങേറിയത്. ഈ ദിവസങ്ങളില്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളുടെ വില്‍പ്പന ഇടിഞ്ഞത് ആശങ്കാ ജനജകമാണെന്നും വില്‍പ്പന വിലയേക്കാള്‍ വളരെ കുറഞ്ഞ വിലയില്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ തുടങ്ങിയാല്‍ രാജ്യത്തെ റീട്ടെയ്ല്‍ വ്യാപാരം പ്രതിസന്ധിയിലാകുമെന്നും ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പ്രവീണ്‍ കന്ദേല്‍വാല്‍ വ്യക്തമാക്കിയിട്ടുണ്ട്.