എട്ടിൽ തോറ്റു! അന്ന് എടുത്ത തീരുമാനം ഇന്ന് വിജയത്തിൻ്റെ നെറുകയിൽ

0
32

ജീവിതത്തിൽ എപ്പോഴെങ്കിലും തോറ്റു പോകുന്നവർക്ക് ഒരുപാട് പാഠങ്ങൾ ഉൾക്കൊണ്ട് വലിയ രീതിയിൽ വിജയിക്കാൻ സാധിക്കും. തോൽവിയിലൂടെ ഉണ്ടാകുന്ന തിരിച്ചറിവാണ് വിജയത്തിലേക്ക് എത്താനുള്ള ഒരു എളുപ്പ വഴി. ആ തിരിച്ചറിവ് നേടി കഴിഞ്ഞാൽ പിന്നെ തനിക്ക് നേരെ വരുന്ന ഏത് പ്രതിസന്ധികളേയും നേരിടാനുള്ള മനക്കരുത്ത് ആ വ്യക്തിക്ക് ഉണ്ടാകും. അത്തരത്തിലുള്ള ഒരു വ്യക്തിയെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. രാജ്യത്തെ പുതുതലമുറ ശതകോടീശ്വരന്മാരിൽ ഒരാളായ സഞ്ജയ് അഗർവാൾ ആണ് വ്യക്തി.

ഒരു ചെറിയ ഫിനാൻസ് കമ്പനിയെ വെറും 20 വർഷത്തിനുള്ളിൽ അറിയപ്പെടുന്ന മുൻനിര ബാങ്കായി വളർത്താൻ അദ്ദേഹത്തിനു സാധിച്ചു. ഇന്ന് രാജ്യത്തെ അറിയപ്പെടുന്ന ബാങ്കർ ആണ് ഈ രാജസ്ഥാൻ സ്വദേശി. കോളേജ് പഠനത്തിനു പിന്നാലെ സഞ്ജയ് ബിസിനസ് ലോകത്തേക്ക് പ്രവേശിക്കുകയും വിശ്വസനീയമായ ഒരു കമ്പനി കെട്ടിപ്പടുക്കുകയും ചെയ്തു. ഇന്ന് ഈ കമ്പനിയുടെ മൂല്യം ഏകദേശം 46,698 കോടി രൂപയാണ്. ഏത് ബാങ്ക് ആണ് എന്നാവും നിങ്ങൾ ചിന്തിക്കുക. ന്യൂജെൻ ബാങ്കായ എയു സ്‌മോൾ ഫിനാൻസ് ബാങ്കിനെ പറ്റിയാണ് പറഞ്ഞ് വരുന്നത്. ബാങ്കിന്റെ സിഇഒയും, മാനേജിംഗ് ഡയറക്ടറുമാണ് ഇന്ന് സഞ്ജയ്.

എട്ടാം ക്ലാസിലെ അപ്രതീക്ഷിത തോൽവിയാണ് സഞ്ജയുടെ ജീവിതത്തിൽ ചില മാറ്റങ്ങൾക്കു തുടക്കമിട്ടത്. അതോടെ സ്വന്തം നിലവാരം ഒന്ന മാറ്റാൻ അദ്ദേഹം ശ്രമിച്ചു. അത് വരെ ഹിന്ദി മീഡിയത്തിലായിരുന്നു പഠനം. പക്ഷെ തോൽവിക്ക് പിറകെ ഇം​ഗ്ലീഷ് മീഡിയത്തിലേക്ക് മാറി. ആ തീരുമാനം ജീവിതത്തിൻ്റെ ​ഗതിയെ തന്നെ മാറ്റി മറിച്ചതായിരുന്നു. അജ്മീറിലെ ഗവൺമെന്റ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം, ചാർട്ടേഡ് അക്കൗണ്ടിംഗിൽ അദ്ദേഹം ഒരു കരിയർ തുടർന്നു. ഇതിനിടയിൽ പലതവണ അദ്ദേഹം വെല്ലുവിളികൾ നേരിട്ടു. പലപ്പോഴും മാനസികമായി പോലും തളർന്നു. പക്ഷെ തോറ്റുകൊടുക്കാൻ മാത്രം അദ്ദേഹം തയ്യാറല്ലായിരുന്നു. ഒടുവിൽ സിഎ പരീക്ഷ പാസായി. സാമ്പത്തിക പ്രൊഫഷണലാകാൻ തന്റെ ഇഷ്ട വിനോദമായി ക്രിക്കറ്റ് വരെ അദ്ദേഹം ഉപേക്ഷിച്ചു.

സിഎ പരീക്ഷ പാസായതോടെ മുംബൈയിൽ ജോലി ലഭിച്ചു. എന്നാൽ ജയ്പൂരിൽ തന്നെ തുടരാനായിരുന്നു തീരുമാനം. അങ്ങനെ സ്വന്തം കമ്പനി തുടങ്ങി. അദ്ദേഹത്തിന്റെ 25-ാം വയസിലായിരുന്നു ഈ ഉദ്യമം. സമീപത്തെ ബിസിനസുകാരെ തന്റെ ഫിനാൻസ് കമ്പനിയിലേയക്ക് ആകർഷിക്കാൻ അദ്ദേഹം ശ്രമിച്ചു. അങ്ങനെ പതുക്കെ പതുക്കെ തൻ്റെ ബേസ് ശക്തിപ്പെടുത്തി. 2000 ന്റെ തുടക്കം മുതൽ തന്നെ പണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം തീരുമാനിച്ചു. 2002 ൽ എച്ച്ഡിഎഫ്‌സിയുമായി സഞ്ജയ് സഹകരണം ആരംഭിച്ചു. 2009ൽ മോട്ടിലാൽ ഓസ്വാളിൽ നിന്നുള്ള ക്യാപിറ്റൽ റൗണ്ട് നിർണായകമായി. 2017-ൽ, സഞ്ജയ് തന്റെ കമ്പനിയെ ഫലപ്രദമായി എയു സ്‌മോൾ ഫിനാൻസ് ബാങ്കാക്കി മാറ്റി.

രണ്ടു പതിറ്റാണ്ട് മുമ്പ് ഒരു ധനസഹായവുമില്ലാതെ സ്വന്തം പ്രയത്നത്തിൽ തുടങ്ങിയ ഒരു ചെറിയ ഫിനാൻസ് കമ്പനിയാണ് ഇന്ന് ഒരു ബാങ്കായി തലയുയർത്തി നിൽക്കുന്നത്. ജയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയു സ്‌മോൾ ഫിനാൻസ് ബാങ്കിന് ഇന്ന് രാജ്യവ്യാപകമായി 1,000-ലധികം ശാഖകളും, 30 ലക്ഷത്തിലധികം ഉപഭോക്താക്കളുമുണ്ട്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം 49,698 കോടി രൂപയാണ് ബാങ്കിന്റെ വിപണി മൂല്യം.