പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ സമയമായി. ദിനംപ്രതി വർധിച്ച് വരുന്ന മലിനീകരണങ്ങളെ നിയന്ത്രിക്കാൻ എല്ലാ മേഖലയിലും പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ഈ സമയത്താണ് മനസും വിപണിയും കീഴടക്കാൻ ഇ-ഓട്ടോയും ഇ-ബൈക്കും എത്തുന്നത്.
ക്രീപ ഗ്രീന്‍ പവര്‍ എക്‌സ്‌പോയിലെത്തുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റി ഇ- ഓട്ടോറിക്ഷയും ഇ- ബൈക്കും . അന്തരീക്ഷ മലിനീകരണത്തിന് വഴിയൊരുക്കാത്ത രീതിയിലാണ് ഇവയുടെ നിര്‍മ്മാണം. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹൈക്കോണ്‍ ഇന്ത്യയാണ് ഇ- ഓട്ടോ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. 2020 ഓടെ ഓട്ടോ വിപണിയിലെത്തുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ലിഥിയം – അയണ്‍ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ ഒരു തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോ മീറ്റര്‍ ഓടിക്കാമെന്ന് കമ്പനിയുടെ റീജിയണല്‍ ഹെഡ് രഞ്ചിത്ത് ജോസഫ് പറയുന്നു. നാലു മണിക്കൂര്‍ വേണം ചാര്‍ജ് ചെയ്യാന്‍. ഏകദേശം 6 യൂണിറ്റ് കറന്റ് മാത്രം മതിയാകും ബാറ്ററി ചാര്‍ജ് ആകാന്‍. മെയ്ന്റനന്‍സ് സര്‍വ്വീസുകള്‍ പിന്നീട് ഇത്തരം വാഹനങ്ങള്‍ക്ക് ആവശ്യമായി വരുന്നില്ലയെന്നതും പ്രത്യേകതയാണ്. എക്‌സ്‌പോയുടെ മറ്റൊരു ശ്രദ്ധേയ ആകര്‍ഷണമാണ് ഇ- ബൈക്ക്. സ്‌കൂട്ടറിന്റെ മാതൃകയിലും സൈക്കിളിന്റെ മാതൃകയിലും ഇത് ലഭ്യമാണ്. സൈക്കിള്‍ മാതൃകയിലുള്ള ഇ- ബൈക്ക് ലിഥിയം – അയണ്‍ ബാറ്ററിയുടെ സഹായത്താലാണ് പ്രവര്‍ത്തിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി കഴിഞ്ഞ വര്‍ഷം മുതല്‍ സൈക്കിള്‍ മാതൃകയിലുള്ള ഇ- ബൈക്ക് വില്‍പ്പന ആരംഭിച്ചതായി കമ്പനി പറയുന്നു. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇ- ബൈക്കിനോട് താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. ബാറ്ററി പോര്‍ട്ടബിള്‍ ആയതിനാല്‍ ഊരിയെടുത്ത് വീടിനുള്ളില്‍ വെച്ചും ചാര്‍ജ് ചെയ്യാമെന്നതും ഇ- ബൈക്കിന്റെ പ്രത്യേകതയാണ്.