രാജ്യത്ത് സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിന് നിരോധനം വരികയാണ്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാവുന്ന, ഉപയോഗത്തിന് ശേഷം റീസൈക്ലിംഗിന് പറ്റാത്ത പ്ലാസ്റ്റിക്കുകളാണ് സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കുകള്‍. ഒക്ടോബര്‍ രണ്ട് മുതല്‍ രാജ്യത്തെല്ലായിടത്തും സിംഗിള്‍ യൂസ് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വരുമെന്നാണ് നേരത്തെ തന്നെ കേന്ദ്രം അറിയിച്ചിരുന്നത്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച സഞ്ചി, കപ്പ്, ചെറിയ കുപ്പികള്‍, സ്‌ട്രോ, ചില പ്രത്യേകതരത്തിലുള്ള സാഷെകള്‍ എന്നിവയ്ക്കായിരിക്കും അദ്യഘടത്തില്‍ നിരോധനമുണ്ടാവുക. എന്നാല്‍, ഈ നിരോധനം അത്യന്താപേക്ഷിതമാണെങ്കിലും ഏതുരീതിയില്‍ ഇത് നടപ്പില്‍ വരുത്തുമെന്നത് കച്ചവടക്കാരിലും അതുപോലെ പൊതുജനങ്ങളിലുമെല്ലാം ആശങ്കയുണ്ടാക്കുന്നുണ്ട്. എല്ലാത്തരം വസ്തുക്കളും പ്ലാസ്റ്റിക് കവറില്‍ വരുന്ന കാലത്ത് പെട്ടെന്നൊരു പകരക്കാരനെ കണ്ടെത്തുക എന്നത് കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും എളുപ്പമായിരിക്കില്ല.
ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മലിനീകരണമുണ്ടാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ടായിരുന്നു. ആ പട്ടികയില്‍ നിന്ന് പുറത്ത് കടക്കുക എന്നതുതന്നെയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യംവെക്കുന്നത്. ഏതായാലും പുതിയ നിരോധനം സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കുകളുടെ ഉപയോഗം, ഇറക്കുമതി എന്നിവയെ എല്ലാം ബാധിക്കുമെന്ന് നേരത്തെ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.