ലണ്ടന്‍ ആസ്ഥാനമായ അന്താരാഷ്ട്ര ദിനപത്രം ഫിനാന്‍ഷ്യല്‍ ടൈംസ് പുറത്തിറക്കിയ ഏഷ്യ-പസിഫിക് ഹൈ-ഗ്രോത്ത് കമ്പനീസ് റിപ്പോര്‍ട്ട് 2020-ല്‍ ഏഷ്യ-പസിഫിക് മേഖലയിലെ ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ള 500 കമ്പനികളുടെ പട്ടികയില്‍ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡ് ഇടം പിടിച്ചു. പട്ടികയില്‍ ഇടം പിടിക്കുന്ന ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നുള്ള ഏക കമ്പനിയാണ് ശോഭ. 2015-നും 2018-നുമിടയിലെ മൊത്ത വാര്‍ഷിക വളര്‍ച്ചാ നിരക്കിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഗവേഷണ സ്ഥാപനമായ സ്റ്റാറ്റിസ്റ്റയുമായി സഹകരിച്ചാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് മിക്ക വ്യവസായങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയില്‍ പുറത്തുവന്ന ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് ബിസിനസ് സമൂഹത്തിന്റെ മനോവീര്യം ഉയര്‍ത്താന്‍ സഹായകരമാകുമെന്ന് ശോഭ ലിമിറ്റഡ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജെ.സി. ശര്‍മ അഭിപ്രായപ്പെട്ടു. ഫിനാന്‍ഷ്യല്‍ ടൈസ് പോലുള്ള വളരെ പ്രശസ്തമായ പത്രം നടത്തിയ റേറ്റിങ്ങില്‍ ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നുള്ള ഏക കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.