തമിഴ്നാട്ടിലേക്കുൾപ്പെടെ സ്റ്റീൽ കയറ്റി അയക്കുന്ന ഒരു കമ്പനി കേരളത്തിലുണ്ടെന്ന് നിങ്ങൾക്കറിയാമോ?

0
10

തമിഴ്നാട്ടിലേക്കുൾപ്പെടെ സ്റ്റീൽ കയറ്റിഅയക്കുന്ന ഒരു കമ്പനി കേരളത്തിലുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ 510 കോടി രൂപയുടെ താൽപര്യപത്രം ഒപ്പിട്ട കള്ളിയത്ത് സ്റ്റീലാണ് ആ കമ്പനി. ദക്ഷിണേന്ത്യയിൽ ആദ്യമായി ഗ്രീൻ സ്റ്റീലിന്റെ സർട്ടിഫിക്കറ്റ് ലഭിച്ച കമ്പനി ഇപ്പോൾ സ്ക്രാപ്പിൽ നിന്നും നേരിട്ട് സ്റ്റീൽ കമ്പികൾ ഉത്പാദിപ്പിക്കുകയാണ്. നേരത്തെ ഒരു ടൺ സ്റ്റീൽ ഉൽപ്പാദിപ്പിക്കുമ്പോൾ രണ്ടര ടൺ കാർബൺ ഡയോക്‌സൈഡ് പുറത്തേക്ക് വിട്ടിരുന്നെങ്കിൽ അത് സീറോ എമിഷനിലേക്ക് എത്തിക്കാൻ ഘട്ടം ഘട്ടമായി കഴിയും. കള്ളിയത്ത് ഗ്രൂപ്പ് പാലക്കാട് കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ പുതുതായി ആരംഭിക്കുന്ന 510 കോടി രൂപയുടെ ഈ ബൃഹത്ത് നിക്ഷേപ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു.

ചടങ്ങിൽ മലമ്പുഴ എംഎൽ എ എ പ്രഭാകരൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ മിർ മുഹമ്മദ് അലി, വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടർ പി വിഷ്ണുരാജ്, പുതുശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ മിൻമിനി തുടങ്ങിയവർ പങ്കെടുത്തു. ദക്ഷിണേന്ത്യയിലെ മുൻനിര ഗ്രീൻ സ്റ്റീൽ, ടിഎംടി ബ്രാൻഡായി നേതൃനിരയിൽ സ്ഥാനമുറപ്പിക്കാൻ പ്രൊജക്ട് ഗ്രീൻ കോറിലൂടെ കമ്പനിക്ക് സാധിക്കുമെന്ന് കള്ളിയത്ത് ഗ്രൂപ്പ് ചെയർമാൻ നൂർ മുഹമ്മദ് നൂർഷാ പറഞ്ഞു. 1000 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭ്യമാക്കുന്നതാണ് ‘പ്രൊജക്ട് ഗ്രീൻ കോർ’ പദ്ധതി. ഒന്നാം ഘട്ടത്തിൽ 110 കോടി രൂപയുടെ നിക്ഷേപവും രണ്ടാം ഘട്ടത്തിൽ 400 കോടി രൂപയുടെ നിക്ഷേപവുമാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. മാനുഫാക്ചറിങ്ങ് മേഖലയിലും കേരളത്തിൻ്റെ മുന്നേറ്റം സാധ്യമാകുന്നു എന്നതിൻ്റെ തെളിവ് കൂടിയാണ് ഈ പുതിയ പദ്ധതി. കേരളത്തിൻ്റെ ഇ എസ് ജി നയത്തിന് അനുയോജ്യമാം വിധത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്ന സാങ്കേതികവിദ്യകളാണ് കമ്പനി ഉപയോഗിക്കുന്നത്. ഒപ്പം നവീന സാങ്കേതിക വിദ്യകളെ മാനുഫാക്ചറിങ്ങ് രംഗത്ത് കൊണ്ടുവരാനും പ്രൊജക്ട് ഗ്രീൻ കോർ പദ്ധതിയിലൂടെ കള്ളിയത്ത് ഗ്രൂപ്പ് ശ്രമിക്കുകയാണ്. 15 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീമിയം ടി എം ടി ബാറുകളുടെ മുൻനിര നിർമാതാക്കളും വിതരണക്കാരുമാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ സ്റ്റീൽ നിർമാണ കമ്പനികളിൽ ഒന്നായ കള്ളിയത്ത് ഗ്രൂപ്പ്. കള്ളിയത്ത് ടിഎംടി, ഭാരതി ടിഎംടി എന്നീ ബ്രാൻഡുകളിലൂടെ പാർപ്പിട, വാണിജ്യ, പൊതുമേഖലാ പദ്ധതികളിൽ ശക്തമായ സാന്നിദ്ധ്യം അറിയിക്കുന്നതിന് ഗ്രൂപ്പിന് സാധിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here