പുത്തൻ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ സ്പേസ് പാർക്ക് സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ചുള്ള ധാരാണാപത്രത്തിൽ കേരള സ്പേസ് പാർക്കും (കെ സ്‌പേസ്) വിക്രം സാരാഭായ് സ്പേസ് സെന്ററും (വി എസ് എസ് സി) മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഒപ്പു വെച്ചു. ഐ എസ് ആർ ഒയും കെ സ്പേസും തമ്മിലുള്ള സഹകരണത്തിലൂടെ ഇത് സാധ്യമാക്കാനാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പേസ് സാങ്കേതിക വിദ്യയുമായ ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് സ്പേസ് പാർക്ക് ഏറെ ഉപകരിക്കുമെന്ന് ഐ എസ് ആർ ഒ ചെയർമാൻ ഡോ.കെ സോമനാഥ് പറഞ്ഞു. വി എസ് എസ് സിക്ക് അടുത്തുള്ള സ്ഥാപനമെന്ന നിലയിൽ സ്പേസ് പാർക്കിൻ്റെ സാധ്യത വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
സ്പേസ് സാങ്കേതിക വിദ്യയുമായ ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് സ്പേസ് പാർക്ക് ഏറെ ഉപകരിക്കും. വി എസ് എസ് സിക്ക് അടുത്തുള്ള സ്ഥാപനമെന്ന നിലയിൽ സ്പേസ് പാർക്കിൻ്റെ സാധ്യതയും വളരെ വലുതാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ഐഎസ്ആർഒ ചെയർമാനുമായ ഡോ. എസ് സോമനാഥ് മുഖ്യാതിഥിയായി. വി എസ് എസ് സി ക്കു വേണ്ടി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായരും കെ സ്‌പേസിനു വേണ്ടി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ഇലക്ട്രോണിക്‌സ് & വിവര സാങ്കേതിക വകുപ്പ് സെക്രട്ടറിയുമായ ഡോ. രത്തൻ യു കേൽക്കറും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ധാരണ പത്രത്തിന്റെ ഭാഗമായി വി എസ് എസ് സി ശാസ്ത്രജ്ഞർ കെ സ്‌പേസിന്റെ ഭരണ ഉപദേശക സമിതികളിൽ അംഗമായികൊണ്ട് സ്‌പേസ് പാർക്കിന്റെ വികസനത്തിനു വേണ്ട മാർഗ്ഗനിർദേശങ്ങളും സാങ്കേതിക ഉപദേശങ്ങളും നൽകും. കെ-സ്‌പേസ് ബഹിരാകാശമേഖലയിൽ പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ച് മേഖലയുടെ വികസനത്തിനു വേണ്ട സഹായങ്ങൾ നൽകും. ബഹിരാകാശ മേഖലയ്ക്ക് മികച്ച ഗുണ നിലവാരമുള്ളതും സങ്കീർണവുമായ ഉത്പന്നങ്ങളുടെ നിർമാണത്തിനും സേവനത്തിനുമുള്ള അന്തരീഷം സൃഷ്ടിച്ച് ഇന്ത്യൻ ബഹിരാകാശ മേഖലയുടെ വികസനത്തിന് വേണ്ട ഉത്തേജക ശക്തിയായി പ്രവർത്തിക്കും. നവീന ആശയങ്ങൾ വാണിജ്യവത്ക്കരിക്കാൻ ശേഷിയുള്ള നിക്ഷേപകരുമായി സഹകരിക്കും.