ടെലികോം കമ്പനികള്‍ക്ക് തിരിച്ചടി; കേന്ദ്രത്തിന് 90,000 കോടി നല്‍കണം

0
24

ടെലികോം കമ്പനികള്‍ക്ക് തിരിച്ചടി. കേന്ദ്രത്തിന് നല്‍കേണ്ട തുക സംബന്ധിച്ചു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് ടെലികോം കമ്പനികള്‍ക്ക് തിരിച്ചടി നേരിടേണ്ടി വന്നത്.

രാജ്യത്തെ വിവിധ ടെലികോം കമ്പനികളില്‍ നിന്ന് സ്‌പെക്ട്രം യൂസര്‍ ചാര്‍ജ്, ലൈസന്‍സ് ഫീസിനത്തില്‍ 92,642 കോടി രൂപ ഈടാക്കാനുള്ള ടെലികോം വകുപ്പിന്റെ തീരുമാനം സുപ്രീം കോടതി ശരിവച്ചു. പലിശയും പിഴയും അടക്കം ഏകദേശം 1.34 ലക്ഷം കോടി രൂപ ടെലികോം കമ്പനികള്‍ നല്‍കേണ്ടിവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഭാരതി എയര്‍ടെല്‍ 42,000 കോടിയും വോഡഫോണ്‍- ഐഡിയ 40,000 കോടിയും നല്‍കേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, ടാറ്റ ടെലി സര്‍വീസസ്, ജിയോ തുടങ്ങിയവയും പട്ടികയിലുണ്ട്. താരതമ്യേന പുതുമുഖമായ ജിയൊ 14 കോടി മാത്രം നല്‍കിയാല്‍ മതിയാവുമെന്നാണ് സൂചന. പണം നല്‍കേണ്ടതില്‍ ഭൂരിഭാഗം കമ്പനികളും നിലവില്‍ ടെലികോം രംഗത്തില്ല.

1999ലെ നയത്തില്‍ കമ്പനികള്‍ വരുമാനത്തിന്റെ നിശ്ചിത ശതമാനം ടെലികോം വകുപ്പിനു നല്‍കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ചാണ് കരാറില്‍ എജിആര്‍ വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. സ്‌പെക്ട്രം യൂസര്‍ ഇനത്തില്‍ വരുമാനത്തിന്റെ 3 മുതല്‍ 5 ശതമാനം വരെയും ലൈസന്‍സ് ഫീസായി 8 ശതമാനവും നല്‍കണമെന്നാണ് വ്യവസ്ഥ ചെയ്തത്.

ഓഹരിക്കും തിരിച്ചടി

സുപ്രീം കോടതി വിധി വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ ഓഹരി വിലകളും ഇടിച്ചു. വോഡഫോണ്‍ ഐഡിയ വില 23.36% താഴ്ന്നു. ഒരവസരത്തില്‍ 27.43% വരെ കുറഞ്ഞിരുന്നു. 52 ആഴ്ചത്തെ ഏറ്റവും കുറഞ്ഞ നിലവാരം കൂടിയാണിത്. വിപണി മൂല്യത്തില്‍ 3,792.58 കോടിയുടെ ഇടിവും നേരിട്ടു. ഇത് 12,442.42 കോടി രൂപയായി. ഭാരതി എയര്‍ടെല്‍ വില 9.68% കുറഞ്ഞ് 325.60 രൂപ വരെ എത്തി. പിന്നീട് മെച്ചപ്പെട്ട് 372.45 രൂപയായി.