രാജ്യത്ത് നമ്പർ വൺ ആയി 70 വർഷം പൂർത്തിയാക്കി ഈ ബാങ്ക് ; 23,000 ശാഖകൾ, രണ്ടര ലക്ഷം ജീവനക്കാർ

0
14

രാജ്യത്ത് നമ്പർ വൺ ആയി 70-ാം സ്ഥാപക ദിനം ആഘോഷിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കും, പഴക്കമേറിയ വാണിജ്യ സ്ഥാപനങ്ങളിലൊന്നുമായ എസ്‌.ബി.‌ഐ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിച്ചിട്ടുണ്ട്. ദശാബ്ദങ്ങളായി ഇന്ത്യയുടെ പുരോഗതിക്ക് കരുത്ത് പകർന്ന ഈ മഹത്തായ സ്ഥാപനത്തിന്റെ നാഴികക്കല്ലാണ് ഈ 70-ാം വാർഷികം. 2025 ജൂലൈ 1-ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌.ബി‌.ഐ) അതിന്റെ 70-ാം സ്ഥാപക ദിനം ആഘോഷിക്കുമ്പോൾ, നാം ഓർക്കുന്നത് വെറുമൊരു ബാങ്കിന്റെ ചരിത്രമല്ല, മറിച്ച് ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്റെ തന്നെ കഥയാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌.ബി‌.ഐ, കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷകൾക്ക് കൈത്താങ്ങായി, അവരുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകി മുന്നോട്ട് പോകുകയാണ്.

ആസ്തിയിൽ 23 ശതമാനം വിപണി വിഹിതവും മൊത്തം വായ്പ, നിക്ഷേപ വിപണിയുടെ 25 ശതമാനം വിഹിതവും ബാങ്കിനുണ്ട്. എസ്‌ബി‌ഐ ക്ക് രാജ്യത്ത് 22,542 ത്തിലധികം ശാഖകളും 65,000 ത്തിലധികം എടിഎമ്മുകളുമുണ്ട്. ഏകദേശം രണ്ടര ലക്ഷം ജീവനക്കാരുള്ള ഇന്ത്യയിലെ പത്താമത്തെ വലിയ തൊഴിൽദാതാവ് കൂടിയാണ് ബാങ്ക്. 45 കോടിയിലധികം ഉപഭോക്താക്കളാണ് രാജ്യത്തുടനീളമുള്ളമായി ബാങ്കിനുളളത്. എസ്‌.ബി.‌ഐയുടെ തുടക്കം 1806 ജൂൺ 2-ന് ബ്രിട്ടീഷ് ഇന്ത്യയിൽ സ്ഥാപിതമായ ബാങ്ക് ഓഫ് കൽക്കട്ടയിലാണ്. ബോംബെ (1840 ഏപ്രിൽ 15), മദ്രാസ് (1843 ജൂലൈ 1) എന്നിവിടങ്ങളിൽ ആരംഭിച്ച മറ്റ് രണ്ട് പ്രസിഡൻസി ബാങ്കുകളോടൊപ്പം, ഈ ബാങ്കുകൾ ബ്രിട്ടീഷ് ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ലായി വർത്തിച്ചു. 1921 ജനുവരി 27-ന് ബാങ്ക് ഓഫ് ബോംബെയും ബാങ്ക് ഓഫ് മദ്രാസും ബാങ്ക് ഓഫ് ബംഗാളിൽ ലയിച്ച് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ചു. 1955 ജൂലൈ 1-ന് ഇംപീരിയൽ ബാങ്കിനെ ദേശസാൽക്കരിച്ചുകൊണ്ടാണ് ഇന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിറവിയെടുത്തത്.

കൃഷി മുതൽ ചെറുകിട ബിസിനസുകൾ വരെയുള്ള വിവിധ മേഖലകളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിൽ എസ്‌.ബി.‌ഐ ഒരു നിർണായക പങ്ക് വഹിക്കുന്നു. റീട്ടെയിൽ ബാങ്കിംഗ്, കോർപ്പറേറ്റ് വായ്പ, ഡിജിറ്റൽ ബാങ്കിംഗ് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങൾ നൽകുന്നതിൽ ബാങ്ക് മുൻപന്തിയിലാണ്. സ്വകാര്യ ബാങ്കുകളുടെ പ്രചാരം വർധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിലും, പൊതുജനങ്ങൾക്ക് മികച്ച ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിലും പ്രൊഫഷണൽ സമീപനം നിലനിർത്തുന്നതിലും എസ്‌.ബി.‌ഐ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കുന്നു.