ഇന്ന് മുതൽ ട്രെയിൻ ടിക്കറ്റുകൾക്ക് വില കൂടും; പുതുക്കിയ നിരക്ക് ഇങ്ങനെ…

0
9

രാജ്യത്ത് റെയിൽവേ ടിക്കറ്റ് നിരക്കിൽ പ്രഖ്യാപിച്ച വർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ടാം ക്ലാസ് യാത്രാ നിരക്കുകളിൽ ആദ്യമായി വർദ്ധന വരുത്തുകയാണ് റെയിൽവേ. 2025 ജൂലൈ 1 മുതൽ രണ്ടാം ക്ലാസ് യാത്രക്കാർക്ക് നിരക്ക് വർദ്ധനവ് റെയിൽവേ നടപ്പിലാക്കും. ദീർഘദൂര യാത്രകൾക്ക് നിരക്ക് വർദ്ധനവ് ബാധകമാകും. റെയിൽവേ ബോർഡ് പുതിയ നിരക്ക് വർധന പട്ടിക പുറത്തിറക്കി. എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസ വ‌ർദ്ധിക്കും. എക്സ്പ്രസ് / മെയിൽ ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസ വീതവുമാൻ വർദ്ധിക്കും. എസി ത്രീടയർ, ചെയർകാർ, ടു ടയർ എസി, ഫസ്റ്റ് ക്ലാസ് എന്നിവയ്ക്കാണ് 2 പൈസ വർദ്ധന നടപ്പാക്കുന്നത്. സെക്കൻഡ് ക്ലാസ്, സ്ലീപർ ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസ വീതം കിലോമീറ്ററിന് വർധിപ്പിക്കും. ഓർഡിനറി നോൺ എസി ടിക്കറ്റുകൾക്ക് 500 കിമീ വരെ ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല. 501 കിമീ മുതൽ 1500 കിമീ വരെ 5 രൂപ ടിക്കറ്റിന് വർധിക്കും.

അതേസമയം ഇനിപ്പറയുന്ന നിരക്കുകളിൽ മാറ്റമുണ്ടാകില്ല

  • പ്രതിമാസ സീസൺ ടിക്കറ്റുകൾ (എം.എസ്.ടി)
  • സബർബൻ ട്രെയിൻ നിരക്കുകൾ

2025 ജൂലൈ 1 ന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് പുതുക്കിയ നിരക്ക് ബാധിക്കില്ലെന്ന് റെയിൽവേ വ്യക്തമാക്കി. ഇതിനു മുമ്പ് 2020 ലും 2013 ലുമാണ് പ്രധാനമായും നിരക്ക് പരിഷ്കരണം നടന്നത്. ഓർഡിനറി ട്രെയിനുകളുടെ രണ്ടാം ക്ലാസ് നിരക്ക് കിലോമീറ്ററിന് 2 പൈസയും മെയിൽ/എക്സ്പ്രസ് ട്രെയിനുകൾക്ക് 4 പൈസയും വർദ്ധിപ്പിച്ചിരുന്നു. സ്ലീപ്പർ ക്ലാസ് നിരക്ക് കിലോമീറ്ററിന് 6 പൈസയായിരുന്നു വർദ്ധിപ്പിച്ചത്. നിലവിലെ നിരക്ക് വർധന കൊണ്ട് 1,500 കോടി രൂപയുടെ അധിക വരുമാനമാണ് ഇന്ത്യൻ റെയിൽവെ പ്രതീക്ഷിക്കുന്നത്. ജൂലൈ 1 മുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള തത്കാൽ ബുക്കിംഗുകളും പ്രാബല്യത്തിൽ വരും. തത്കാൽ ക്വാട്ടയിൽ ബുക്ക് ചെയ്യുന്ന യാത്രക്കാർ റിസർവേഷൻ സമയത്ത് അവരുടെ ആധാർ വിവരങ്ങൾ നൽകണം.