ടെലികോം മേഖലയില്‍ വിവിധ കമ്പനികള്‍ തമ്മില്‍ കടുത്ത മത്സരങ്ങളാണ് നടക്കുന്നത്. വിപണിയില്‍ ജിയോ പല ഓഫറുകളുമായി എത്തുമ്പോള്‍ മറ്റ് കമ്പനികള്‍ക്ക് അത് പണിയായി മാറുകയും ചെയ്യാറുണ്ട്. ഇതേ തുടർന്ന് പല കമ്പനികളും പ്രതിസന്ധിയിലാണ്. വരുന്ന ഡിസംബര്‍ ഒന്ന മുതല്‍ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ മൊബൈല്‍ഫോണ്‍ കോള്‍, ഡാറ്റാ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്.
വോഡഫോണ്‍ ഐഡിയയാണ് താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കുകയാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ എയര്‍ടെലും രംഗത്തുവരികയായിരുന്നു. എന്നാല്‍ നിരക്ക് വര്‍ധനവ് ഏത് രീതിയിലായിരിക്കുമെന്ന് ഇരു കമ്പനികളും വ്യക്തമാക്കിയിട്ടില്ല. മൂന്ന് വർഷത്തിന് ശേഷമാണ് നിരക്ക് വർധന. നഷ്ടത്തിലോടുന്ന കമ്പനികൾക്ക് ഉണർവ് പകരനാണ് ഈ നടപടിയെന്നും പറയുന്നു.
സെപ്റ്റംബര്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദ കണക്കനുസരിച്ച് തങ്ങള്‍ക്ക് 50,921 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വോഡഫോണ്‍ ഐഡിയയുടെ വെളിപ്പെടുത്തല്‍. എയര്‍ടെലിന് 23,045 കോടിയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കമ്പനികള്‍ താരിഫ് വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ ഡേറ്റയില്ലാതെ 24 രൂപയിലാണ് വോഡഫോണ്‍ ഐഡിയയുടെ താരിഫ് പ്ലാനുകള്‍ ആരംഭിക്കുന്നത്. 33 രൂപ മുതലാണ് ഡേറ്റയോടുകൂടിയുള്ള റീച്ചാര്‍ജ് പായ്ക്കുകള്‍ ആരംഭിക്കുന്നത്. എയര്‍ടെലിന്റെ പ്രതിമാസ പ്ലാനുകള്‍ ആരംഭിക്കുന്നത് 24 രൂപയിലാണ്. ഡേറ്റയോടുകൂടിയുള്ള പ്ലാനുകള്‍ 35 രൂപ മുതലാണ് കമ്പനി നല്‍കുന്നത്.
മുപ്പത് മുതൽ നാൽപ്പത്തഞ്ച് ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രണ്ട് വർഷത്തിനകം ഇത് മൂന്നിരട്ടി വരെ വർധിക്കാമെന്നും നിരീക്ഷിക്കുന്നുണ്ട്.