WhatsApp; ഇനി വാട്സ്ആപ്പിലും പരസ്യങ്ങളും പ്രൊമോഷനും….!

0
4

WhatsApp; മെറ്റ തങ്ങളുടെ മെസേജിംഗ് ആപ്പായ വാട്സ്ആപ്പിൽ കൂടുതൽ വരുമാനം കണ്ടെത്താൻ ഒരുങ്ങുന്നു. സ്റ്റാറ്റസ് ഇന്റർഫേസിൽ പരസ്യങ്ങൾ കാണിച്ചും ചാനലുകൾ പ്രൊമോട്ട് ചെയ്തും പണം നേടാനാണ് മെറ്റ ലക്ഷ്യമിടുന്നത്. വാബീറ്റഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റാ പതിപ്പ് 2.25.21.11-ൽ ‘സ്റ്റാറ്റസ് ആഡ്’, ‘പ്രൊമോട്ടഡ് ചാനൽസ്’ എന്നീ ഫീച്ചറുകൾ മെറ്റ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചു. നിലവിൽ, തിരഞ്ഞെടുക്കപ്പെട്ട ആൻഡ്രോയിഡ് ബീറ്റാ ടെസ്റ്റർമാർക്ക് ഈ ഫീച്ചറുകൾ ലഭ്യമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പായ വാട്സ്ആപ്പിലെ ബിസിനസ് അക്കൗണ്ടുകൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും കൂടുതൽ ആളുകളിലേക്ക് എത്താൻ ഈ രണ്ട് ഫീച്ചറുകളിലൂടെയും സാധിക്കുമെന്നാണ് മെറ്റ പ്രതീക്ഷിക്കുന്നത്.

എന്താണ് വാട്സ്ആപ്പ് സ്റ്റാറ്റസ് ആഡ്?

ഇൻസ്റ്റാഗ്രാം സ്റ്റോറികളിലെ പരസ്യങ്ങൾക്ക് സമാനമായ വാട്സ്ആപ്പ് പരസ്യങ്ങളായിരിക്കും സ്റ്റാറ്റസ് ആഡ് ഫീച്ചർ എന്നാണ് റിപ്പോർട്ട്. ഈ ഫീച്ചർ വഴി ബിസിനസ് അക്കൗണ്ടുകൾക്ക് തങ്ങളുടെ സ്പോൺസർ ചെയ്ത ഉള്ളടക്കം ഉപയോക്താക്കളുടെ സ്റ്റാറ്റസ് ഫീഡുകളിൽ പ്രദർശിപ്പിക്കാൻ കഴിയും. വാട്സ്ആപ്പ് കോൺടാക്റ്റുകളിൽ നിന്നുള്ള അപ്‌ഡേറ്റുകൾക്കിടയിൽ ഈ പരസ്യങ്ങൾ പ്രത്യക്ഷപ്പെടും. എന്നാൽ, ഇവ ‘സ്പോൺസർഡ് കണ്ടന്റുകൾ’ ആണെന്ന് വ്യക്തമായി രേഖപ്പെടുത്തും. അതിനാൽ, ഉപഭോക്താക്കൾക്ക് വ്യക്തിഗത പോസ്റ്റുകളും പ്രൊമോഷണൽ ഉള്ളടക്കവും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. കൂടാതെ, ഉപയോക്താക്കൾക്ക് സ്റ്റാറ്റസ് ആഡുകൾ കാണുന്നത് നിയന്ത്രിക്കാനും സാധിക്കും. അതായത്, പരസ്യം ചെയ്യുന്നവരെ ബ്ലോക്ക് ചെയ്‌താൽ ഭാവിയിൽ അവരുടെ പരസ്യങ്ങൾ വീണ്ടും കാണുന്നത് ഒഴിവാക്കാം.

എന്താണ് വാട്സ്ആപ്പിലെ പ്രൊമോട്ടഡ് ചാനൽസ്?

സ്റ്റാറ്റസ് ആഡ് ഫീച്ചറിന് പുറമെ, ചാനൽ പ്രൊമോഷനും വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. വാട്സ്ആപ്പ് ചാനലുകൾക്ക് കൂടുതൽ ദൃശ്യപരത നൽകുക എന്നതാണ് ഈ ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. സ്റ്റാറ്റസ് പരസ്യങ്ങളെപ്പോലെ, പ്രൊമോട്ട് ചെയ്ത ചാനലുകളിലും ‘സ്പോൺസർ’ എന്ന ലേബൽ ഉണ്ടാകും.

സ്വകാര്യതയും ഉപയോക്തൃ നിയന്ത്രണവും

സ്വകാര്യ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും, പുതിയ ഫീച്ചറുകൾ ഉപഭോക്തൃ സ്വകാര്യതയെ ബാധിക്കില്ലെന്ന് വാട്സ്ആപ്പ് അധികൃതർ അവകാശപ്പെടുന്നതായി വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. സ്വകാര്യ ചാറ്റുകളിൽ പരസ്യങ്ങൾ എത്തില്ലെന്നും മെറ്റ ഉറപ്പ് നൽകുന്നു. പ്രൊമോഷണൽ ഫീച്ചറുകൾ സ്റ്റാറ്റസ്, ചാനലുകൾ എന്നിവയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും മെറ്റ പറയുന്നു. മുൻ ബീറ്റാ പതിപ്പിൽ (2.25.19.15) ഏതൊക്കെ പരസ്യങ്ങളാണ് കണ്ടത്, ആരായിരുന്നു പരസ്യം ചെയ്തവർ, ഏത് തീയതികളിലാണ് കണ്ടത് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുന്ന വിശദമായ പരസ്യ പ്രവർത്തന റിപ്പോർട്ടുകൾ ഡൗൺലോഡ് ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചറും വാട്സ്ആപ്പ് പരീക്ഷിച്ച് തുടങ്ങിയിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here