കേരളത്തിൽ വിദേശ പണം കൂടുതൽ എത്തുന്നത് ഏത് ജില്ലയിൽ? 2023 ൽ കേരളത്തിലെത്തിയത് 2 ലക്ഷം കോടി

0
20

പ്രവാസികളുടെ പണം ഏറ്റവും കൂടുതൽ ലഭിക്കുന്ന ജില്ല ഏതാണെന്ന് അറിയുമോ? ഏറെക്കാലമായി മലപ്പുറം ജില്ലയായിരുന്നു പ്രവാസി പണത്തിന്റെ കാര്യത്തിൽ മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ പുതിയ കണക്കുകൾ പ്രകാരം കൊല്ലം ജില്ലയാണ് ഇക്കാര്യത്തിൽ മുന്നിൽ. മലപ്പുറത്തെ മറികടന്ന് കൊല്ലം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആന്റ് ഡവലപ്‌മെന്റിന് വേണ്ടി പ്രമുഖ ഗവേഷകനായ എസ ഇരുദയരാജൻ നടത്തിയ പുതിയ പഠന പ്രകാരം 2023 ൽ കേരളത്തിലെത്തിയ വിദേശ പണത്തിന്റെ 17.8 ശതമാനം കൊല്ലം ജില്ലയിലേക്കാണ് എത്തിയത്. 2018 ലെ കണക്കുകൾ പ്രകാരം മലപ്പുറം ജില്ലയായിരുന്നു ഇക്കാര്യത്തിൽ ഒന്നാമത്. എന്നാൽ പുതിയ കണക്കിൽ മലപ്പുറം രണ്ടാം സ്ഥാനത്താണ്. ഏറ്റവും കുറവ് വിദേശപണം എത്തിയിട്ടുള്ളത് ഇടുക്കി ജില്ലയിലേക്കാണ്.

മുന്നിൽ കൊല്ലം, പിന്നിൽ ഇടുക്കി

2023 ലെ കണക്കുകൾ പ്രകാരം കേരളത്തിലേക്ക് വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയത് 2,16,893 കോടി രൂപയാണ്. 2018 ൽ ഇത് 85,092 കോടിയായിരുന്നു. അഞ്ചുവർഷത്തിനിടെ 154 ശതമാനമാണ് വർധന. 2023 ലെ കണക്കുകൾ പ്രകാരം കൊല്ലം ജില്ലയിലേക്ക് എത്തിയത് 38,530 കോടി രൂപയാണ് . 2018 ൽ ഇത് 12,748 കോടി രൂപയായിരുന്നു. അതേസമയം 2018 ൽ 17,524 കോടി രൂപ എത്തി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മലപ്പുറം ജില്ല പുതിയ കണക്കുകൾ പ്രകാരം 35,203 കോടിയുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിവിധ ജില്ലകളിലേക്കെത്തിയ വിദേശ പണത്തിന്റെ കണക്കുകൾ ഇങ്ങനെ: കൊല്ലം (17.8 ശതമാനം), മലപ്പുറം (16.2), തിരുവനന്തപുരം(10.6), തൃശൂർ (9.1), കോഴിക്കോട് (8.2), എറണാകുളം (8.2), കണ്ണൂർ (6.5), ആലപ്പുഴ (5.6), കോട്ടയം (5.2), പത്തനംതിട്ട (4.3), പാലക്കാട് (3.0), വയനാട് (2.9), കാസർകോട് (1.6), ഇടുക്കി (0.7) എന്നിങ്ങിനെയാണ് വിവിധ ജില്ലകളിലേക്ക് എത്തുന്ന വിദേശ പണത്തിന്റെ കണക്കുകൾ.