വ്യാപാരികൾക്ക് മാത്രമായുള്ള സൊമാറ്റോയുടെ ഡെലിവറി സേവനമായ എക്സ്ട്രീം താത്കാലികമായി നിർത്തി വയ്ക്കുന്നതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിലാണ് എക്സ്ട്രീമിൻ്റെ പ്രവർത്തനം തുടങ്ങിയത്. എന്നാൽ എക്സ്ട്രീമിന് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവയ്ക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് സൊമാറ്റോയുടെ ഈ നടപടി. എക്സ്ട്രീം ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. വ്യാപാരികൾക്ക് എക്സ്ട്രീമിലൂടെ ചെറിയ പാഴ്‌സലുകൾ അയയ്‌ക്കാനും സ്വീകരിക്കാനും കഴിയുമായിരുന്നു. 10 കിലോഗ്രാം വരെ ഭാരമുള്ള ഇൻട്രാ സിറ്റി പാക്കേജുകൾ വ്യാപാരികൾക്ക് എക്സ്ട്രീമിലൂടെ അയയ്ക്കാൻ കഴിയുമായിരുന്നത്. അതോടൊപ്പം വ്യാപാരികൾക്ക് അവരുടെ ഷിപ്പ്‌മെന്റുകൾ തത്സമയം ട്രാക്ക് ചെയ്യാനും സാധിക്കുമായിരുന്നു. എക്സ്ട്രീമിൽ 300000 ലധികം പങ്കാളികളാണ് ഉണ്ടായിരുന്നത്.
അതിനിടെ നിർത്തി വച്ചിരുന്ന ‘ഇന്റർസിറ്റി ലെജൻഡ്‌സ്’ സേവനം പുനരാരംഭിക്കാൻ സൊമാറ്റോ തീരുമാനിച്ചു. മറ്റ് നഗരങ്ങളിലെ പ്രശസ്തമായ ഹോട്ടലുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും വിഭവങ്ങൾ ഓർഡർ ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ‘ഇന്റർസിറ്റി ലെജൻഡ്‌സ്’. മുൻകൂട്ടി സ്റ്റോക്ക് ചെയ്‌ത ഭക്ഷണ സാധനങ്ങൾക്ക് പകരം റെസ്റ്റോറന്റുകളിൽ നിന്ന് നേരിട്ട് ഡെലിവറി ചെയ്യുന്ന സംവിധാനം ‘ഇന്റർസിറ്റി ലെജൻഡ്‌സ്’ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ഈ സേവനം ലഭിക്കുന്നതിന് 5,000 രൂപയുടെ മിനിമം ഓർഡർ മൂല്യം ആവശ്യമുണ്ട്. ഡൽഹി-എൻസിആർ, ബംഗളൂരു തുടങ്ങിയ ഏതാനും നഗരങ്ങളിൽ ആണ് പുതിയ സേവനം ആരംഭിച്ചിട്ടുള്ളത് . ഇത് ഉടൻ തന്നെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.20 22-ലാണ് സൊമാറ്റോ ലെജൻഡ്‌സ് ആദ്യമായി ആരംഭിച്ചത്. നിയമപരമായ പ്രശ്‌നങ്ങളും ഉപഭോക്താക്കൾക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതിലുണ്ടായ പരാജയവും കാരണം ഈ വർഷം ഏപ്രിലിൽ, സൊമാറ്റോ ‘ഇന്റർസിറ്റി ലെജൻഡ്‌സ്’ നിർത്തിവയ്ക്കുകയായിരുന്നു.